ന്യൂദല്‍ഹി: കൊവിഡ് തീവ്രമായി വ്യാപിക്കുന്ന സമയത്ത് വാക്‌സിന്‍ നിര്‍മ്മിച്ചും മരുന്ന് നിര്‍മ്മിച്ചും ലോകത്തെ സഹായിച്ച രാജ്യമാണ് ഇന്ത്യയെന്ന് ജര്‍മ്മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍ ജെ. ലിന്റര്‍. ഇന്ത്യയ്ക്ക് തിരിച്ച് സഹായം നല്‍കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് സഹായവുമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ലിന്ററിന്റെ പ്രതികരണം.
നമ്മുടെ സുഹൃത്തിനെ തിരിച്ച് സഹായിക്കേണ്ട സമയമാണിതെന്നാണ് ലിന്റര്‍ പറഞ്ഞത്.
താന്‍ പാതി ഇന്ത്യക്കാരനും പാതി ജര്‍മ്മനുമാണെന്നാണ് തോന്നുന്നതെന്നും ആശുപത്രികളില്‍ ചികിത്സയ്ക്ക് വേണ്ടി ഓടുന്ന ഇന്ത്യക്കാരെ കാണുമ്പോള്‍ തനിക്ക് ഹൃദയം നുറുങ്ങുന്ന വേദനയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ത്യയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചാള്‍സ് രാജകുമാരന്‍ രംഗത്തെത്തിയിരുന്നു.
” മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു. ആ രാജ്യത്തേക്ക് പല വിനോദയാത്രകളും നടത്തിയിട്ടുണ്ട്. കൊവിഡ് രോഗം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ എല്ലാ രാജ്യങ്ങളെയും സഹായിച്ച രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമുക്ക് ഒന്നിച്ച് ഈ യുദ്ധത്തെ നേരിടാം,” എന്നായിരുന്നു ചാള്‍സ് പറഞ്ഞത്.
നേരത്തെ ഇന്ത്യയ്ക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു. നിലവിലെ ഇന്ത്യയിലെ കൊവിഡ് സാഹചര്യം പേടിപ്പെടുത്തുന്നുവെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അധ്യക്ഷന്‍ വോള്‍ക്കന്‍ ബോസ്‌കിര്‍ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ബോസ്‌കിറിന്റെ പ്രതികരണം.
ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നെ ആശങ്കപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ മുന്നില്‍ നിന്ന രാജ്യമാണ് ഇന്ത്യ. ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം നല്‍കേണ്ട സമയമാണിത്. എല്ലാവരും സുരക്ഷിതരാകുന്നത് വരെ നമുക്ക് പോരാടിയേ മതിയാകൂ,’ ബോസ്‌കിര്‍ ട്വിറ്ററിലെഴുതി.
അതേസമയം കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുക്കമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക