ഇന്ത്യയുടെ മിന്നും പേസ് ബൗളറാണ് മുഹമ്മദ് ഷമി. നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ സ്‌ക്വാഡില്‍ താരമുണ്ടായിരുന്നു. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കറിനായി തയ്യാറെടുക്കുന്ന ഷമിക്ക് വീണ്ടും തിരിച്ചടി സംഭവിച്ചിരിക്കുകയാണ്.
ക്രിക്ക് ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഷമി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ സാധ്യതയില്ല. ബി.സി.സി.ഐയുടെ ബെംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഓഫ് എക്സലന്‍സിന്റെ സ്പോര്‍ട്സ് സയന്‍സ് വിഭാഗം ഇതുവരെ ഷമിയുടെ വ്യക്തമായ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ബി.സി.സി.ഐക്ക് കൈമാറിയിട്ടില്ല. ഇതോടെ താരത്തിന്റെ ഫിറ്റ്‌നസ് വീണ്ടും ആശയക്കുഴപ്പത്തിലാണ്.
നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിന് വേണ്ടി കളിക്കുന്ന ഷമിയെ എന്‍.സി.എ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയാണ്. ദേശീയ സെലക്ടര്‍ (എസ്.എസ്. ദാസ്), ബി.സി.സി.ഐയുടെ സ്പോര്‍ട്സ് സയന്‍സ് വിങ്ങിന്റെ ഉദ്യോഗസ്ഥന്‍ (നിതിന്‍ പട്ടേല്‍), സ്ട്രെങ്ത് ആന്റ് കണ്ടീഷനിങ് ട്രെയിനര്‍ (നിശാന്ത ബര്‍ദുലെ) എന്നിവരാണ് ഷമിയുടെ പുരോഗതി നിരീക്ഷിക്കുന്നത്.
നിലവില്‍ ബംഗാളിന് വേണ്ടി ഏഴ് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എന്നിരുന്നാലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരത്തിന് അധിക ജോലി ഭാരം നിയന്ത്രിക്കാന്‍ സാധിക്കുമോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. എന്നിരുന്നാലും ഡിസംബര്‍ 26 എം.സി.ജി ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഷമിക്ക് പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് സൂചന.
2023 ഏകദിന ലോകകപ്പില്‍ കണങ്കാലിന് പരിക്ക് പറ്റിയ ഷമിക്ക് ഏറെ കാലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലേക്കുള്ള തിരിച്ചുവരവിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു താരം.
നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 180 റണ്‍സ് മറികടന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 332+ റണ്‍സാണ് ഓസീസ് നേടിയത്. ഓസീസ് നേടിയ 150+ ലീഡ് ഇന്ത്യയ്ക്ക് തലവേദനയാകുമോ എന്ന് കണ്ടറിയേണ്ടിവരും.
ബൗളര്‍മാര്‍ക്ക് ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ സാധിക്കാത്തതും സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനെ എളുപ്പത്തില്‍ പിടിച്ചുകെട്ടാന്‍ സാധിക്കാഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഷമിയേപ്പോലെ അനുഭവ സമ്പത്തുള്ള താരത്തിന്റെ സഹായമില്ലാത്തതും ഇന്ത്യ നേരിടുന്ന വെല്ലുവിളിയാണ്.
Content Highlight: India Have Big Setback, Report Says Mohammad Shami Can’t Fly In Australia For BGT