ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയുടെ മിന്നും താരം ശുഭ്മന്‍ ഗില്ലിന് പരിക്ക് മൂലം രണ്ടാം ടെസ്റ്റും നഷ്ടപ്പെടുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
ആദ്യ ടെസ്റ്റിന്റെ പരിശീലനത്തില്‍ കൈ വിരലിന് പരിക്ക് പറ്റി ഗില്‍ പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ താരം മടങ്ങിയെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ഗില്ലിനെ നഷ്ടമാകുന്നത് ആരാധകരെയും നിരാശപ്പെടുത്തിയിരിക്കുകയാണ്.
‘വിരലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഗില്ലിന് 10-14 ദിവസത്തെ വിശ്രമം വേണമെന്ന് ഒരു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് നിര്‍ദ്ദേശിച്ചു. അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമാകില്ല, പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നത് സംശയമാണ്. ഗില്ലിന്റെ പരിക്ക് ഭേദപ്പെടാന്‍ കാത്തിരിക്കേണ്ടിവരും. ഗില്‍ ഫിറ്റാണെന്ന് പ്രഖ്യാപിച്ചാലും, ഒരു മത്സരം കളിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് പരിശീലനം ആവശ്യമായി വരും,’ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ആദ്യ മത്സരത്തില്‍ ഗില്ലിന് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിട്ടുനിന്നിരുന്നു. ഇരുവര്‍ക്കും പുറകെ ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കും ഇലവനില്‍ ഇടം നേടാന്‍ സാധിച്ചില്ലായിരുന്നു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ പിങ്ക് ബോള്‍ പേസര്‍മാര്‍ക്ക് ഗുണം ചെയ്യുമ്പോള്‍ അശ്വിന്റെയും ജഡേജയുടേയും കാര്യം കണ്ടറിയണം.
ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 487 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ 534 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ കങ്കാരുപ്പട 238ന് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് നിര്‍ണായകമായത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ്.
Content Highlight: India Have Big Setback In Second Test Against Australia