ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 1965 മുതല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
‘ഈ വര്‍ഷത്തെ ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ പരിഷ്‌ക്കരണം കൂടുതല്‍ നിര്‍ണായകവും അടിയന്തരമായി തീര്‍പ്പാക്കേണ്ട ഒരു കാര്യമായി മാറുകയാണ്. ഈ ആവശ്യം ഉന്നയിച്ചുള്ള ചര്‍ച്ചകള്‍ പതിറ്റാണ്ടുകളായി ഉന്നയിക്കപ്പെടുന്നതാണ്. എന്നാല്‍ അന്ന് മുതല്‍ ഒരു ഫലവും കാണാന്‍ സാധിക്കുന്നില്ല എന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. 1965ല്‍ കൗണ്‍സില്‍ അവസാനമായി പുനസംഘടിപ്പിച്ചപ്പോള്‍ ഉള്ള നിലയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്,’ പര്‍വതനേനി ഹരീഷ് പറഞ്ഞു.
ഇന്ത്യ ഏറെക്കാലമായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ യു.എസ്, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്ഥിരാംഗങ്ങള്‍ ആയിട്ടുള്ളത്. അതിനാല്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സുരക്ഷാ സമിതിക്ക് മാത്രമല്ല യു.എന്നിന് മുഴുവന്‍ ഗുണപ്രദമാകും എന്നാണ് ഇന്ത്യന്‍ പ്രതിനിധി സഭയില്‍ പറഞ്ഞത്.
നിലവിലെ ലോക സാഹചര്യത്തില്‍ ഭൗമരാഷ്ട്രീയ സാഹചര്യം മരവിച്ച അവസ്ഥയിലാണെന്നും ഈ വിഷയങ്ങളില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം ലോകത്തിന് തന്നെ ഗുണകരമാകും എന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയനെ കൂടി അംഗമാക്കിയതുപോലയുള്ള വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് ആകുമെന്നും അദ്ദേഹം പറഞ്ഞു. അത് ഇന്ത്യ ഇതിനകം തെളിയിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള ആവശ്യത്തിന് ബ്രിട്ടനും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ, ആഫ്രിക്ക, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം വേണമെന്നും യു.കെ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: India has strengthened its demand to become a permanent member of the United Nations