| Wednesday, 31st March 2021, 1:56 pm

ന്യൂനപക്ഷവേട്ട, ആക്രമണം, നിയമബാഹ്യക്കൊലകള്‍; ഇന്ത്യയ്‌ക്കെതിരെ ഗുരുതര പരാമര്‍ശവുമായി യു.എസ് റിപ്പോര്‍ട്ട്; കശ്മീരില്‍ മൗനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: നിയമബാഹ്യക്കൊലകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു.എസ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം, അഴിമതി, തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ചൊവ്വാഴ്ച യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം കശ്മീരില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞുവെന്നും യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
” കശ്മീരിനെ സാധാരണ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ നിയന്ത്രണങ്ങള്‍ നീക്കിയത് ഉള്‍പ്പെടെ ഇതിന്റെ ഭാഗമായാണ്,” യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും, തടവറയിലെ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചും, നിയമ ബാഹ്യക്കൊലകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര നടപടിയേയും, സെന്‍സര്‍ഷിപ്പിനെയും, വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയേയും യു.എസ് കുറ്റപ്പെടുത്തി.

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും കര്‍ഷക സമരത്തെ അവഗണിക്കുന്ന കേന്ദ്ര നടപടിയും നേരത്തെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. കര്‍ഷക സമരത്തിന് പിന്തുണയുമായി നേരത്തെ പോപ് ഗായിക റിയാന മുന്നോട്ട് വന്നിരുന്നു.
കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യു.എസ് അഭിഭാഷകര്‍ കത്തയച്ചിരുന്നു. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം അഭിഭാഷകരാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് തുറന്ന കത്തെഴുതിയത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷുമര്‍, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി വീല്‍ഡന്‍, തുടങ്ങിയവര്‍ക്കും അഭിഭാഷകര്‍ കത്തയച്ചിരുന്നു.നേരത്തെ ഇന്ത്യ സന്ദര്‍ശിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പ്രതികരണം നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India has several human rights issues, working on restoring normalcy in Kashmir: US report

We use cookies to give you the best possible experience. Learn more