ന്യൂദല്‍ഹി: മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തിയ 2000ത്തോളം കുടിയേറ്റക്കാരായ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കുവഴിവെച്ചിരുന്നു. എന്നാല്‍ ട്രംപിനും വര്‍ഷങ്ങള്‍ക്കുമുമ്പേ സമാനമായ നയം ഇന്ത്യ പിന്തുടര്‍ന്നിരുന്നു. നൂറുകണക്കിന് ബംഗ്ലാദേശി കുടുംബങ്ങളാണ് ഇന്ത്യയുടെ ഈ നയത്തിന്റെ ഭാഗമായി വിഭജിക്കപ്പെട്ടത്.
1946ലെ ഇന്ത്യയിലെ ഫോറിനേഴ്‌സ് നിയമത്തിലെ സെക്ഷന്‍ 14എ പ്രകാരം ഇന്ത്യയിലേക്കു വരുന്ന അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ജയിലില്‍ കിടക്കണം. എട്ടുവര്‍ഷമാണ് കൂടിയ ശിക്ഷാ കാലാവധി. ഈ നിയമമാണ് നൂറുകണക്കിന് ബംഗ്ലാദേശി കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്താന്‍ കാരണമായത്.
ഈ നിയമപ്രകാരം കുടിയേറ്റ കുടുംബങ്ങളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ രക്ഷിതാക്കളെ അറസ്റ്റു ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കുകയും ആറുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനും മുമ്പാകെ ഹാജരാക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇവരെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് അയക്കുകയും ചെയ്യും. പശ്ചിമബംഗാളില്‍ ഇത്തരത്തിലുള്ള 80 ഷെല്‍റ്റര്‍ ഹോമുകളുണ്ടെന്നാണ് ദ സ്‌ക്രോളിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മഹാനിര്‍ബന്‍ കല്‍ക്കത്ത റിസര്‍ച്ച് ഗ്രൂപ്പിലെ സുചാരിത സെന്‍ഗുപ്ത 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിലൊന്നായിരുന്നു അന്ന് 40 വയസ് പ്രായമുണ്ടായിരുന്ന ബധുരിബാലയുടെ കേസ്.
ഏഴുവര്‍ഷക്കാലമാണ് ഇവര്‍ ബെഹ്രംപൂര്‍ സെന്‍ട്രല്‍ കറക്ഷണല്‍ ഹോമില്‍ തടവിലാക്കപ്പെട്ടത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെയാണ് അവര്‍ ബംഗ്ലാദേശ് വിട്ടത്. രണ്ട് ചെറിയ കുഞ്ഞുങ്ങളുമായാണ് അവര്‍ ഇന്ത്യയിലെത്തിയത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. അവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് അയക്കുകയാണുണ്ടായത്. അവിടെയാണ് അവര്‍ വളര്‍ന്നത്. ജയിലില്‍ കഴിയുന്നസമയത്ത് ബധുരിബാലയ്ക്ക് നാലുവര്‍ഷക്കാലത്തോളം കുട്ടികളെ കാണാന്‍ കഴിഞ്ഞിരുന്നു.
ഇത്തരം വേര്‍പിരിക്കല്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് എതിരാണെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ” യുനൈറ്റഡ് നാഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദ റൈറ്റ്‌സ് ഓഫ് ചൈല്‍ഡ് (യു.എന്‍.സി.ആര്‍.സി)യിലെ ഒരു പാര്‍ട്ടിയാണ് ഇന്ത്യ. ഇതുപ്രകാരം കുടുംബത്തെ വേര്‍പിരിക്കാനാവില്ല. ” അരികുവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബംഗ്ലാര്‍ മനബധികര്‍ സുരക്ഷാ മഞ്ചയുടെ സെക്രട്ടറി ബിപ്ലവ് മുഖര്‍ജി പറയുന്നു. പക്ഷേ ഇവിടെ നമ്മള്‍ അവരെ വേര്‍പിരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്ഷിതാക്കളില്‍ നിന്ന് പീഡനത്തിന് ഇരയാവുന്ന, അല്ലെങ്കില്‍ അവരാല്‍ അവഗണിക്കപ്പെടുന്ന അവസരത്തില്‍ മാത്രമേ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്താനാവൂ എന്നാണ് യു.എന്‍.സി.ആര്‍.സിയുടെ 9ാം അനുച്ഛേദത്തില്‍ പറയുന്നത്. രക്ഷിതാക്കളെ ശിക്ഷിക്കുകയോ നാടുകടത്തുകയോ ചെയ്താല്‍ കുട്ടിയെവിടെയാണെന്ന വിശദാംശങ്ങള്‍ അധികൃതര്‍ നല്‍കണം.
അതേസമയം, കുട്ടികളെ വേര്‍പിരിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നാണ് പശ്ചിമബംഗാള്‍ അധികൃതര്‍ പറയുന്നത്. “പശ്ചിമബംഗാളിലെ ജയിലുകള്‍ ഏറെ മാനുഷിക പരിഗണന കാട്ടുന്നതാണ്.” പശ്ചിമബംഗാള്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനന്യ ചക്രവര്‍ത്തി പറയുന്നു. “അനുവദിച്ച സമയം കഴിഞ്ഞിട്ടും കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം ജയിലില്‍ നില്‍ക്കാന്‍ അനുവദിക്കുന്ന ചില ജയിലര്‍മാരെ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്” എന്നും അവര്‍ പറയുന്നു.
എന്നാല്‍ പലപ്പോഴും രക്ഷിതാക്കള്‍ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കപ്പെട്ടാലും കുട്ടികള്‍ ഇവിടെ അലയേണ്ട സ്ഥിതിയാണെന്നാണ് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നത്.