കാര്യക്ഷമമായി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതാണ് അടിമകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് വാക്ക് ഫ്രീ പറയുന്നത്. ഇതിന് പുറമേ നേരത്തെ അടിമകളില്ലാത്ത മേഖലകളില്‍ കൂടി ഇപ്പോള്‍ അടിമകളെ കാണാന്‍ സാധിച്ചെന്നും അവര്‍ വ്യക്തമാക്കി.
ഓസ്‌ത്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ദ വാക്ക് ഫ്രീ ഫൗണ്ടേഷന്‍. കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ 298ലക്ഷം അടിമകളുണ്ടെന്നായിരുന്നു കണ്ടെത്തിയത്. ലൈംഗികത്തൊഴിലിലേക്ക് എത്തപ്പെട്ടവരും, കടബാധ്യതമൂലം അടിമായി തീരേണ്ടിവന്നവരും, തൊഴില്‍ ചൂഷണത്തിന് വിധേയരാവുന്നവരും ഇക്കൂട്ടത്തിലുണ്ട്.
മൗറിറ്റാനിയ, ഉസ്ബക്കിസ്ഥാന്‍, ഹെയ്തി, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് അടിമത്തം ഏറ്റവുമധികം നിലനില്‍ക്കുന്നതെന്നായിരുന്നു മുന്‍വര്‍ഷത്തെ കണ്ടെത്തല്‍. എന്നാല്‍ നിലവില്‍ 167 രാജ്യങ്ങളില്‍വെച്ച് ഏറ്റവും അധികം അടിമകളുള്ളത് ഇന്ത്യയിലാണ്. 125 കോടി ജനതയില്‍ 143 ദശലക്ഷം പേര്‍ അടിമകളാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം.
“കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് അവരെ തൊഴിലിനയക്കുന്നത്, ശൈശവ വിവാഹം, റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ സമ്മര്‍ദ്ദത്താല്‍ ജോലി ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍, ശമ്പളമില്ലാത്ത, പീഡനങ്ങള്‍ക്കിരയാവുന്ന ഗാര്‍ഹിക തൊഴിലാളികളായി സ്ത്രീകളെ ഉപയോഗിക്കല്‍ അങ്ങനെ ആധുനിക അടിമത്തത്തിന് നിരവധി മുഖങ്ങളുണ്ട്.” റിപ്പോര്‍ട്ടില്‍ പറയുന്നു.