മുംബൈ: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ ബി.ജെ.പിയില്‍ ചോയിസുണ്ടോ എന്ന ചോദ്യവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
‘പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഞങ്ങള്‍ക്ക് ധാരാളം ചോയിസുകളുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് അങ്ങനെ ഒരു ചോയിസുണ്ടോ എന്നതാണ് ചോദ്യം. 10 വര്‍ഷം പ്രധാനമന്ത്രിയായ ആള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്, എല്ലാവരും അനുഭവിക്കുകയും ചെയ്തു. ഇനി ചോദ്യം ബി.ജെ.പിയോടാണ്’ ഉദ്ദവ് താക്കറെ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ വക്താവ് ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്, ഇന്ത്യയെ രക്ഷിക്കാനാണ് കെജ്‌രിവാള്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേര്‍ന്നതെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
‘ഇത് ദേശീയ വക്താവിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കും. എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ഭാഗമല്ല. ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട് എന്ന കാരണത്താലാണ് എ.എ.പി ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായത്,’ ദല്‍ഹി മന്ത്രി ആതിഷി പറഞ്ഞു.
അതേസമയം, മായാവതി ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി ശരദ് പവാര്‍ രംഗത്തുണ്ട്. ഒരു മുന്നണിയിലേക്കുമില്ലെന്ന് മായാവതി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ യോഗത്തിന്റെ ആതിഥേയരില്‍ ഒരാള്‍ കൂടിയായ ശരദ് പവാര്‍, എന്‍.സി.പിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും പാര്‍ട്ടി വിട്ടുപോയവര്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അജിത് പവാറിനോടുള്ള പരോക്ഷ മറുപടിയായി പറഞ്ഞു.
മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഇന്ന് നടക്കുന്ന ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗത്തില്‍ 28 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും. 63 പ്രതിപക്ഷ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മുന്നണിയുടെ ലോഗോ പ്രകാശിപ്പിക്കുവാനും സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനും സാധ്യതകള്‍ ഉണ്ട്.
ബെംഗളുരുവില്‍ നടന്ന അവസാനത്തെ യോഗത്തില്‍ 26 പ്രതിപക്ഷ കക്ഷികള്‍ പങ്കെടുത്തിരുന്നു. മഹാരാഷ്ട്രയിലെ മാര്‍കിസ്റ്റ് പാര്‍ട്ടിയായ പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യയും (പി.ഡബ്ലിയു.പി) മറ്റൊരു പ്രാദേശിക പാര്‍ട്ടിയുമാണ് പുതുതായി സഖ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടികള്‍.
Content Highlight: INDIA has many PM choices, what does BJP have? Uddhav ahead of Mumbai meet