| Wednesday, 6th May 2020, 9:16 pm

'ആളുകളെന്ത് പറയും എന്ന ചിന്ത, എത്രയെത്ര സ്വപ്‌നങ്ങളെയാണ് തകര്‍ക്കുന്നത്'; ക്രിക്കറ്റിന് പുറത്ത് പ്രമുഖരായ കായികതാരങ്ങളില്‍ ഭൂരിഭാഗവും വനിതകളാണെന്നത് അഭിമാനകരമെന്ന് സാനിയ മിര്‍സ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ക്രിക്കറ്റിന് പുറത്ത് പ്രമുഖരായ കായികതാരങ്ങളില്‍ ഭൂരിഭാഗവും വനിതാതാരങ്ങളാണെന്നത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ആള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനും സായിയും സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു സാനിയ.

‘ഇത് വലിയ അഭിമാനമാണ്. ഒരു കായികതാരമെന്ന നിലയില്‍ ഒരു സ്ത്രീയെ പാകപ്പെടുത്തിയെടുക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം’, സാനിയ പറഞ്ഞു.

ഇത് മാറ്റത്തിന്റെ തുടക്കമാണെന്നും എന്നാല്‍ അതിദൂരം ഇക്കാര്യത്തില്‍ രാജ്യത്തിന് സഞ്ചരിക്കാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ ബോക്‌സിംഗ് ഗ്ലൗ ധരിക്കാനും ബാഡ്മിന്റണ്‍ റാക്കറ്റെടുക്കാനും എനിക്കൊരു ഗുസ്തിക്കാരിയാകണമെന്ന് പറയാനും അത്ര എളുപ്പമായിരിക്കില്ല. അത് സാധാരണയായി നടക്കേണ്ട ഒന്നായി മാറണം- സാനിയ പറഞ്ഞു.

രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് സാനിയ കൂട്ടിച്ചേര്‍ത്തു. ‘എല്ലാവര്‍ക്കും പെണ്‍മക്കളെ ഡോക്ടറും വക്കീലും അധ്യാപകരും ആക്കാനാണ് താല്‍പ്പര്യം, അത്‌ലറ്റാക്കാനല്ല’, സാനിയ പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്ക് അഭിമാനമായ ഒരുപാട് വനിതാ കായികതാരങ്ങള്‍ ഇക്കാലത്തുമുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

ബാഡ്മിന്റണിലെ ഒളിംപിക്‌സ് ജേതാക്കളായ പി.വി സിന്ധുവും സൈന നേഹ് വാളും, ആറ് തവണ ലോകചാമ്പ്യനായ ബോക്‌സിംഗ് താരം മേരി കോം, ഏഷ്യന്‍ഗെയിംസ് ഗുസ്തി ചാമ്പ്യന്‍ വിനേഷ് ഫോഗട്ട്, മുന്‍ ലോക ഭാരദ്വാഹനചാമ്പ്യന്‍ മീരാബായ് ചാനു തുടങ്ങിയവരൊക്കെ അന്താരാഷ്ട്രതലത്തില്‍ നമ്മുടെ അഭിമാനതാരങ്ങളാണ്. ടെന്നീസില്‍ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് സാനിയ.

അതേസമയം വനിതാതാരങ്ങള്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുണ്ടെന്നും സാനിയ പറഞ്ഞു. ചില പരമ്പരാഗത ചിട്ടവട്ടങ്ങളെ നമ്മള്‍ തിരുത്തേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

‘ആറാം വയസ് മുതല്‍ വിംബിള്‍ഡണ്‍ എന്ന സ്വപ്‌നവുമായി ഞാന്‍ കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പലരും എന്നെ പരിഹസിച്ചിരുന്നു. ആളുകളെന്ത് പറയും എന്ന ചിന്തയാണ് പല സ്വപ്‌നങ്ങളേയും ഇല്ലാതാക്കുന്നത്. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവികൊടുക്കാത്തവരായിരുന്നു എന്റെ മാതാപിതാക്കള്‍’, സാനിയ പറഞ്ഞു.

യുവ വനിതാതാരങ്ങളെ പരിശീലിപ്പിക്കുന്നവര്‍ കുറച്ചുകൂടി ജാഗ്രതപാലിക്കണമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. 13-14 വയസിലൊക്കെ അവര്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയായിരിക്കും, ശാരീരികമായി ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുകയായിരിക്കും. അത്തരമൊരു സാഹചര്യങ്ങളില്‍ അമിതസമ്മര്‍ദ്ദം അവര്‍ക്ക് വരാതെ നോക്കേണ്ടത് പരിശീലകരുടെ കടമയാണെന്നും സാനിയ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more