ലോക ക്രിക്കറ്റില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന ശക്തികളായാണ് പാകിസ്ഥാനെ ആരാധകര്‍ വിലയിരുത്തിയിരുന്നത്. ഒരു കാലം വരെ ആ താരതമ്യം ശരിയുമായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതാപം അവസാനിച്ചിട്ടും ഗോള്‍ഡന്‍ പിരിയഡ് കഴിഞ്ഞ് നാളേറെയായിട്ടും പാക് ആരാധകര്‍ ഇന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യക്കൊപ്പമോ ഇന്ത്യക്ക് മുകളിലോ ആണെന്നാണ് കരുതുന്നത്.
സോഷ്യല്‍ മീഡിയയിലുള്ള വെല്ലുവിളികളുടെയും കിങ് ബാബര്‍ ഒറ്റയ്ക്ക് ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുമെന്നെല്ലാമുള്ള വീമ്പുപറച്ചിലിന്റെയും നെറുകയില്‍ കിട്ടിയ അടിയാണ് ബംഗ്ലാദേശിനെതിരെ ഏറ്റുവാങ്ങേണ്ടി വന്ന ടെസ്റ്റ് സീരീസ് പരാജയം.
Bangladesh Makes History💥🇧🇩
First-ever test series win against Pakistan. Bangladesh 2- Pakistan 0. 👏#BCB #Cricket #BDCricket #Bangladesh #PAKvBAN #WTC25 pic.twitter.com/x1AxqilxCh— Bangladesh Cricket (@BCBtigers) September 3, 2024
രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷ് ചെയ്താണ് കടുവകള്‍ സ്വന്തമാക്കിയത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. പാകിസ്ഥാനെതിരായ അവരുടെ ആദ്യ ടെസ്റ്റ് വിജയവും ഈ പരമ്പരയില്‍ തന്നെയാണ് പിറവിയെടുത്തത്. ഈ വീജയങ്ങള്‍ എതിരാളികള്‍ ഒരുക്കിയ പിച്ചില്‍, അവരുടെ തന്നെ തട്ടകത്തിലാണ് എന്നതാണ് ബംഗ്ലാദേശിന്റെ ഈ വിജയത്തിന് മാറ്റുകൂട്ടുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പാകിസ്ഥാന് ഒരിക്കല്‍ പോലും സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അവസാനം കളിച്ച പത്ത് ടെസ്റ്റില്‍ ആറിലും പരാജയപ്പെട്ടപ്പോള്‍ നാല് മത്സരങ്ങളില്‍ സമനിലയും വഴങ്ങി.
സ്വന്തം മണ്ണില്‍ പാകിസ്ഥാന്‍ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ട് ഇന്നേക്ക് ഒരു ദിവസമാകുന്നു. എന്നാല്‍ പാകിസ്ഥാന്റെ താഴെയെന്ന് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഇന്ത്യയാകട്ടെ സ്വന്തം തട്ടകത്തില്‍ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിട്ട് 4280 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
സ്വന്തം തട്ടകത്തില്‍ ഓരോ ടീമിന്റെയും ടെസ്റ്റ് സീരീസ് തോല്‍വി
(ടീം – പരാജയപ്പെട്ടിട്ട് എത്ര ദിവസം എന്നീ ക്രമത്തില്‍)
പാകിസ്ഥാന്‍ – ഒരു ദിവസം
വെസ്റ്റ് ഇന്‍ഡീസ് – 19 ദിവസങ്ങള്‍
ബംഗ്ലാദേശ് – 155 ദിവസങ്ങള്‍
ന്യൂസിലാന്‍ഡ് – 178 ദിവസങ്ങള്‍
ശ്രീലങ്ക – 406 ദിവസങ്ങള്‍
ഇംഗ്ലണ്ട് – 1180 ദിവസങ്ങള്‍
ഓസ്‌ട്രേലിയ – 1325 ദിവസങ്ങള്‍
സൗത്ത് ആഫ്രിക്ക – 1683 ദിവസങ്ങള്‍
ഇന്ത്യ – 4280 ദിവസങ്ങള്‍
2012ലാണ് ഇന്ത്യക്ക് അവസാനമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കേണ്ടി വന്നത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ഇന്ത്യയുടെ തോല്‍വി. നാല് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇംഗ്ലണ്ട് വിജയിച്ചത്.
അഹമ്മദാബാദില്‍ നടന്ന പമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോള്‍ വാംഖഡെയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
ഈഡന്‍ ഗാര്‍ഡന്‍സിലെ മൂന്നാം ടെസ്റ്റിലും വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകര്‍ കൊല്‍ക്കത്തയും കീഴടക്കിയത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ നാഗ്പൂര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ സമനിലയില്‍ തളച്ചു.
അതിന് ശേഷം ഇന്ത്യ 17 പരമ്പരകളാണ് സ്വന്തം മണ്ണില്‍ കളിച്ചത്. ഇതില്‍ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളടക്കം എട്ട് പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്താണ് ഇന്ത്യ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ഇതിന് പുറമെ നാല് പരമ്പരകളില്‍ പരാജയമറിയാതെയും ഇന്ത്യ സീരീസ് നേടി.
ഈ വര്‍ഷം രണ്ട് ഹോം ടെസ്റ്റുകള്‍ ഇന്ത്യക്ക് കളിക്കാനുണ്ട്. ബംഗ്ലാദേശും ന്യൂസിലാന്‍ഡുമാണ് ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ കളിക്കുമ്പോള്‍ മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലുള്ളത്.
Content highlight: India has gone 4280 days without losing a Test series at home