കോഴിക്കോട്: ഒരു ഈസ്റ്റിന്ത്യാ കമ്പനിയെ പുറത്താക്കാന്‍ പോരാടിയ രാജ്യം ഇന്ന് ഒരായിരം ഈസ്റ്റിന്ത്യാ കമ്പനികളുടെ കാല്‍ക്കീഴിലാണെന്ന് കൂടംകുളം സമരമുഖത്തെ സജീവസാന്നിദ്ധ്യമായ എസ്.പി. ഉദയകുമാര്‍. രാജ്യത്തെ പൗരന്മാരെല്ലാം കോര്‍പ്പറേറ്റു കമ്പനികളുടെ അടിമകളായി മാറുകയാണെന്നും അംബാനിക്കും അദാനിക്കും അനില്‍ അഗര്‍വാളിനും വേണ്ടി നടക്കുന്ന വികസനത്തില്‍ സാധാരണക്കാരനാണ് ബലിയാടാകുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. വെള്ളിമാടുകുന്നിലെ റെഡ് യങ്‌സ് സംഘടനയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ മഞ്ചാടിക്കുരു സംഘടിപ്പിച്ച “ഫാഷിസ്റ്റ് കാലത്തെ ആക്ടിവിസം” സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളം പോലുള്ള അവശ്യവസ്തുക്കള്‍ പോലും സ്വകാര്യ കമ്പനികള്‍ക്ക് വില്‍പ്പന വസ്തുവാണ്. ഇത് ചോദ്യം ചെയ്താലുള്ള ഫലമെന്തായിരിക്കുമെന്ന് തൂത്തുക്കുടിയിലെ ഭരണകൂടഭീകരത കാണിച്ചു തന്നിട്ടുണ്ടെന്നും ഉദയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഫാഷിസത്തിനെ എതിര്‍ക്കേണ്ടത് സായുധ വിപ്ലവത്തിലൂടെയല്ല. നിസ്സഹകരണം എത്രത്തോളം ഫലവത്താണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമുണ്ടായിട്ടുള്ള രാജ്യമാണ് നമ്മുടേത്. അത്തരം ചെറുത്തു നില്‍പ്പുകളേ ഈ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ വിലപ്പോവുകയുള്ളൂവെന്നും ഉദയകുമാര്‍ പറയുന്നു.
Also Read: ജിന്ന സ്വപ്‌നം കണ്ട പാകിസ്താനാണ് ലക്ഷ്യം: ഇമ്രാന്‍ ഖാന്‍
ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ല. പാര്‍ലമെന്റിന്റെ തറയില്‍ ചുംബിച്ചാല്‍ അവര്‍ ജനാധിപത്യ വിശ്വാസികളാണെന്നു കരുതാനാവില്ല. അടുത്ത തെരഞ്ഞെടുപ്പിലും സംഘപരിവാര്‍ സംഘടനകള്‍ക്ക് അധികാരം ലഭിക്കുകയാണെങ്കില്‍, അത് ഇന്ത്യയുടെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പാകാനുള്ള സാധ്യതയുണ്ട്.
ഗാന്ധിജി ഉപയോഗിച്ച അര്‍ത്ഥത്തിലല്ല ഇവര്‍ രാമരാജ്യമെന്ന വാക്കുപയോഗിക്കുന്നത്. ജനാധിപത്യപരമായ ഒരു രാജ്യത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഗാന്ധിജി രാമരാജ്യമെന്നു പറഞ്ഞത്. എന്നാല്‍, സംഘപരിവാറിന്റെ രാമരാജ്യത്ത് ഒരു ഭാഷയും ഒരു മതവും ഒരു സംസ്‌കാരവും മാത്രമാണുള്ളത്.
Also Read: പടന്ന, ഐ.എസിലേക്ക് നാടുവിട്ട് പോയവരുടെ മണ്ണല്ല; സാംസ്‌ക്കാരിക സമ്പന്നതയുടെ നാടാണ്
സംഘപരിവാര്‍ അധികാരത്തിലെത്തിയാല്‍ സമ്പൂര്‍ണ ഫാസിസത്തിലേക്കാണ് രാജ്യം മാറുക. ചോദ്യം ചെയ്യാതിരിക്കുന്നവര്‍ക്കു മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥ വരും. അവരെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളുന്നയിക്കാന്‍ തുനിഞ്ഞാല്‍ രാജ്യം വിട്ടു തന്നെ പോകേണ്ടിവരുമെന്നും ഉദയകുമാര്‍ പറഞ്ഞു.
എം.ജി.എസ് നാരായണന്‍, കല്പറ്റ നാരായണന്‍, സച്ചിദാന്ദന്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഹമീദ് ചേന്ദമംഗലൂര്‍, ഡോ.ഖദീജ മുംതാസ്, സിവിക് ചന്ദ്രന്‍, വീരാന്‍കുട്ടി, വി.ടി. ജയദേവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.