ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഈ വിഷയത്തില്‍ അമേരിക്ക നടത്തിയ പ്രതികരണം ആനാവശ്യമാണെന്ന് യു.എസിനെ ഇന്ത്യ അറിയിച്ചു. നിയമത്തിന്റെ വസ്തുത മനസിലാക്കാതെയാണ് അമേരിക്ക തെറ്റായ പ്രതികരണം നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സി.എ.എ വിഷയത്തില്‍ അമേരിക്കയുടെ നിലപാടിനെ പിന്തുണച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയെങ്കിലും, യു.എസ് നടത്തിയ പ്രസ്താവന തെറ്റാണെന്ന് തങ്ങള്‍ ഊന്നിപ്പറയുകയാണെന്ന് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ സി.എ.എ നടപ്പിലാക്കാക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കേണ്ടത് ജനാധിപത്യത്തിലെ അടിസ്ഥാന നയമാണെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സി.എ.എ വിജ്ഞാപനത്തില്‍ പറഞ്ഞത്.
‘മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാഗങ്ങള്‍ക്കും നിയമത്തിന് കീഴില്‍ തുല്യ പരിഗണനയും ജനാധിപത്യത്തിലെ അടിസ്ഥാന നയങ്ങളാണ്,’ എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ചൂണ്ടിക്കാട്ടി.
യു.എസിന് പുറമെ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളൂം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരണം നടത്തിയിരുന്നു. അടിസ്ഥാനപരമായി നിയമം വിവേചനപരമാണെന്ന് യു.എന്‍ അറിയിച്ചു. മുസ്ലിങ്ങളോടുള്ള വിവേചനമാണ് പൗരത്വ ഭേദഗതി നിയമമെന്ന് സംഘടനകളും ചൂണ്ടിക്കാട്ടി.
Content Highlight: India has expressed its displeasure with the US’s response to the Citizenship Amendment Act