അനീതിയാണ് സഞ്ജുവിനെ പോലുള്ള താരങ്ങളോട് കാട്ടുന്നത്; തുറന്നടിച്ച് സേവാഗ്
Cricket
അനീതിയാണ് സഞ്ജുവിനെ പോലുള്ള താരങ്ങളോട് കാട്ടുന്നത്; തുറന്നടിച്ച് സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th November 2022, 9:30 am

ടി-20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തുവിട്ടത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഇന്ത്യ നേടിയത്.

നാണംകെട്ട തോല്‍വിയെ തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ടീമിനും നേരെ ശക്തമായ വിമര്‍ശനം ഉയരുകയായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ പ്രൊസീജിയറിലുള്ള അപാകതകള്‍ തുറന്ന് കാട്ടിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. വലിയ ടൂര്‍ണമെന്റുകളില്‍ അവസരം നല്‍കാതെ യുവതാരങ്ങളുടെ ഭാവി ഇല്ലാതെയാക്കുകയാണ് ഇവിടെ ചെയ്യുന്നതെന്ന് സേവാഗ് തുറന്നടിച്ചു.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, ഋതുരാജ് ഗൈയ്ക്വാദ് തുടങ്ങിയ യുവതാരങ്ങളെ ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രം കളിപ്പിക്കുകയും ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

”സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ചെറുപ്പക്കാരെ ന്യൂസിലാന്‍ഡ് പരമ്പരക്ക് അയക്കുന്നുണ്ട്. എന്ത് കാര്യത്തിന്? ന്യൂസിലാന്‍ഡിനെതിരെ ജയിച്ചാല്‍ അവര്‍ക്കെന്ത് പ്രതിഫലമാണ് കിട്ടാന്‍ പോകുന്നത്? എന്തിനാണ് സീനിയേഴ്‌സിന് വലിയ സമ്മര്‍ദ്ദം തലയില്‍ വെച്ചുകൊടുക്കുന്നത്.

അവര്‍ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ യുവതാരങ്ങള്‍ വീണ്ടും പുറത്താകും. ഇവിടെ നന്നായി സ്‌കോര്‍ ചെയ്യുന്ന ചെറുപ്പക്കാര്‍ ഉണ്ട്. ദ്വിരാഷ്ട്ര പരമ്പരകളില്‍ മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലെടുക്കുകയാണ് ചെയ്യേണ്ടത്.

മികച്ച ഫോമിലേക്ക് ഉയരാത്ത സീനിയര്‍ താരങ്ങളോട് നിങ്ങളുടെ സേവനത്തിന് നന്ദിയെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകണം,’ സേവാഗ് വ്യക്തമാക്കി.

അതേസമയം ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ഈ മാസം 18ന് ടി-20 പരമ്പരയോടെ ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വി.വി.എസ്. ലക്ഷ്മണിനെയാണ് നിയമിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, ആര്‍. അശ്വിന്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കില്ല. ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ പടയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടി-20, ഏകദിന ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്.

Content Highlights: India Great On Youngsters Not Getting Chances In World Cup, says Virendar Sewag