കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യ അടിയന്തര ഇ- വിസ അനുവദിച്ചു.
അഫ്ഗാനി സിഖുകാരും ഹിന്ദുക്കളുമടക്കം 111 പേര്‍ക്കാണ് ഇന്ത്യ അടിയന്തരമായി വിസ അനുവദിച്ചത്. ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചവര്‍ക്കാണ് വിസ അനുവദിച്ചിരിക്കുന്നത്.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിസ അനുവദിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ഇന്ത്യയുടെ നീക്കമായും ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു കാബൂള്‍ സിറ്റിയിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുദ്വാരയുടെ ഗേറ്റിന് സമീപത്ത് വെച്ച് സ്ഫോടനം നടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഗുരുദ്വാരക്കുള്ളില്‍ നിന്നും സ്ഫോടനശബ്ദം കേള്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ഒരു സിഖുകാരനും ഒരു സുരക്ഷാ ജീവനക്കാരനും (അഹ്മദ്) കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അഫ്ഗാനിസ്ഥാന്‍ മാധ്യമമായ ടോളോ ന്യൂസ് ആക്രമണത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ടിരുന്നു.
അക്രമികള്‍ ഗുരുദ്വാരയില്‍ അതിക്രമിച്ച് കയറിയ സമയത്ത് 25 മുതല്‍ 30 വരെ ആളുകള്‍ അവിടെ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം നടത്തിയ മൂന്ന് പേരെയും താലിബാന്‍ സേന വധിച്ചിരുന്നു.
ഇതില്‍ പത്ത് മുതല്‍ 15 പേര്‍ക്ക് വരെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ സാധിച്ചെന്നും എന്നാല്‍ കുറച്ച് പേര്‍ ഗുരുദ്വാരയില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എന്നാല്‍, ആക്രമണം നടത്തിയത് ആരാണെന്ന് തുടക്കത്തില്‍ വ്യക്തമായിരുന്നില്ലെങ്കിലും പിന്നാലെ ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ് രംഗത്തെത്തിയിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രവിന്‍സ് (ഐ.എസ്.കെ.പി) ആണ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യയിലെ രണ്ട് ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദാ പരാമര്‍ശത്തിനുള്ള മറുപടിയാണ് ആക്രമണമെന്ന് ഐ.എസ്.കെ.പി പറഞ്ഞതായും വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: India grants emergency visas to Hindus and Sikhs in Afghan, IS said the Gurudwara attack was a response to the Prophet remarks by BJP spokespersons