| Friday, 25th July 2014, 9:29 am

കോമണ്‍ വെല്‍ത്ത് ഗെയിംസ്: ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഗ്ലാസ്‌കോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യദിനത്തില്‍ സുവര്‍ണ്ണ നേട്ടത്തോടെ ഇന്ത്യ. രണ്ട് സ്വര്‍ണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. ഭാരോദ്വഹനത്തില്‍ സുഖെന്‍ ദേയും സഞ്ജിതാ ചാനുവും സ്വര്‍ണം നേടി രാജ്യത്തിന്റെ പ്രതീക്ഷകള്‍ കാത്തു.

വനിതകളുടെ ഭാരോദ്വഹനത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍  173 കിലോഗ്രാം ഉയര്‍ത്തിയാണ് സഞ്ജിത സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ 170 കിലോഗ്രാം ഉയര്‍ത്തി മീരാഭായ് വെള്ളി നേടി.  ഇരുവരും മണിപ്പൂരി താരങ്ങളാണ്. നൈജീരിയയുടെ കേചി ഒപാറക്കാണ് വെങ്കലം.

പുരുഷന്മാരുടെ 56കിലോ വിഭാഗത്തില്‍ 248 കിലോ ഉയര്‍ത്തി സുഖേന്‍ ദേ ചാംപ്യനായി.  244 കിലോ ഉയര്‍ത്തിയ ഇന്ത്യയുടെ ഗണേഷ് മാലിക്കാണ് വെങ്കലം.

ജൂഡോയില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സുശില ലിക്മബാമും, പുരുഷന്മാരുടെ 60കിലോയില്‍ നവജോത് ചാനയുമാണ് വെള്ളി നേടിയത്. ഫൈനലില്‍ സ്‌കോട്‌ലന്‍ഡിന്റെ കിംബെര്‍ലി റെനിക്‌സിനോടാണ് സുശില തോല്‍വി വഴങ്ങിയത്. വനിതകളുടെ 52 കിലോയില്‍ കല്‍പന തൗഡം വെങ്കലം നേടി.

ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ പുരുഷന്മാരുടെ പത്ത് എംഎം എയര്‍ റൈഫിളില്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും, വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഹീനസി സിദ്ധുവും ഇന്ന് മത്സരിക്കും. പുരുഷ ഹോക്കിയില്‍ ഇന്ത്യ വെയില്‍സിനെ നേരിടും.

ആറ് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 17 മെഡലുകളോടെ ഇംഗ്ലണ്ടാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. അഞ്ച് സ്വര്‍ണം ഉള്‍പ്പടെ 15 മെഡലുകളുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. 10 മെഡലുകളുമായി സ്‌കോട്ട്‌ലന്റ് മൂന്നാം സ്ഥാനത്തും ഏഴ് മെഡലുകളുമായി ഇന്ത്യ നാലാമതുമാണ്.

We use cookies to give you the best possible experience. Learn more