പട്‌ന: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1977ലാണെന്ന് ബീഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ വിപ്ലവം നടന്നതിന് ശേഷമാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ഇത് 1947ല്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഗോസ്വാമി തുളസീദാസിന്റെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സമ്രാട്ട് ചൗധരി.
‘ 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, എന്നാല്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട്, പുതിയ ബ്രിട്ടീഷുകാര്‍ക്ക് അധികാരം നല്‍കിയതിനാല്‍ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ വിപ്ലവം നടന്നതിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ 1977ലാണ് സമ്പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചത്,’ ചൗധരി പറഞ്ഞു.
അടിയന്തിരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ താഴെയിറക്കി 1977ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് ചൗധരിയുടെ പരാമര്‍ശം.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കിയതിന് ശേഷം മാത്രമേ തന്റെ തലപ്പാവ് അഴിക്കുകയുള്ളൂവെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു.
‘എന്നെ സംബന്ധിച്ച് മുന്‍കാലങ്ങളില്‍ ബ്രാഹ്മണര്‍ ശ്രേഷ്ഠരായിരുന്നു, ഭാവിയിലും അവര്‍ അങ്ങനെ തന്നെ തുടരും. രാമന്റെയും ചന്ദ്രഗുപ്തയുടെയും പിന്‍ഗാമികളാണ് നമ്മള്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കിയതിന് ശേഷം മാത്രമേ ഞാനെന്റെ തലപ്പാവ് അഴിക്കുകയുള്ളൂവെന്ന് പ്രതിജ്ഞയെടുക്കുന്നു,’ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എന്തിനാണ് തലപ്പാവ് ധരിക്കുന്നതെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചൗധരി.
അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശ് വികസനത്തിന്റെ അടുത്തെത്തി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബീഹാറുമായി താരതമ്യം ചെയ്യുമ്പോള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് 14 മടങ്ങ് വര്‍ധിച്ചു. യു.പിയുടെ വാര്‍ഷിക ബജറ്റ് 42 ലക്ഷം കോടിയാണ്, ബീഹാറിലെ വാര്‍ഷിക ബജറ്റ് 2.61 ലക്ഷം കോടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചൗധരിയുടെ പരാമര്‍ശത്തിനെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തെത്തി. ഇത്തരം അടിസ്ഥാനരഹിതമായ പരാമര്‍ശം നടത്തുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണെന്നും എന്നാലിത് കേട്ട് എല്ലാവരും ചിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു.
ചൗധരിക്ക് സ്വാനന്ത്ര്യത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം എത്രത്തോളം നിയമവിരുദ്ധമാണെന്ന് എല്ലാവര്‍ക്കും മനസിലാക്കാന്‍ സാധിക്കുമെന്നുമായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് യാതൊരു മൂല്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: India got independence in 1977: samrat chaudary