| Thursday, 15th August 2024, 5:53 pm

45 വര്‍ഷത്തിന് ശേഷം ആ വലിയ നാണക്കേട് വീണ്ടും തേടിയെത്തി; ആരാധകര്‍ ഇത് എങ്ങനെ സഹിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2024. ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് ഹിറ്റ്മാനും സംഘവും ചരിത്രമെഴുതിയത്. 2013ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഐ.സി.സി കിരീടത്തില്‍ മുത്തമിടുന്നത്.

ടി-20ക്ക് പുറമെ ടെസ്റ്റിലും മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവെച്ചത്. ഈ വര്‍ഷമാദ്യം നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1നാണ് ഇന്ത്യ വിജയിച്ചത്.

ഈ വര്‍ഷം ഇനി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയടക്കം മൂന്ന് ടെസ്റ്റ് പരമ്പരകളും രണ്ട് ടി-20 പരമ്പരകളും ഇന്ത്യ കളിക്കും.

കുട്ടിക്രിക്കറ്റിലും ലോങ്ങര്‍ ഫോര്‍മാറ്റിലും തിളങ്ങാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ഏകദിനത്തില്‍ ടീമിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 2024ല്‍ വെറും ഒറ്റ ഏകദിന പരമ്പര മാത്രമാണ് ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടറിലുണ്ടായിരുന്നത്. ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയാകട്ടെ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് പരമ്പരയിലെ മൂന്ന് മത്സരത്തിനും വേദിയായത്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനും അവസാന മത്സരത്തില്‍ 110 റണ്‍സിനും പരാജയപ്പെട്ടു. 2-0നാണ് ലങ്ക പരമ്പര നേടിയത്.

27 വര്‍ഷത്തിന് ശേഷമാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഏകദിന പരമ്പര ജയിക്കുന്നത്. 1997ല്‍ അര്‍ജുന രണതുംഗക്ക് ശേഷം ചരിത് അസലങ്കയിലൂടെയാണ് ലങ്ക ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

ഈ പരാജയത്തിന് പിന്നാലെ ഒരു മോശം റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന അനാവശ്യ നേട്ടമാണ് ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടത്. 2025 ഫെബ്രുവരിയിലാണ് ഇന്ത്യ അടുത്ത ഏകദിനം കളിക്കുക.

ഇതിന് മുമ്പും ഒറ്റ ഏകദിനം പോലും വിജയിക്കാന്‍ സാധിക്കാത്ത വര്‍ഷങ്ങള്‍ ഇന്ത്യക്ക് മുമ്പിലുണ്ടായിട്ടുണ്ട്. 1974, 1976, 1979 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ പേരില്‍ ഈ മോശം നേട്ടം കുറിക്കപ്പെട്ടത്. ഈ വര്‍ഷങ്ങളിലൊന്നും ഇന്ത്യ മൂന്നില്‍ കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ചിട്ടുമില്ല.

അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കുക. ഫെബ്രുവരി 6, 9, 12 തീയ്യതികളിലായാണ് പരമ്പരയിലെ മത്സരങ്ങള്‍.

ഫെബ്രുവരി 19നാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം. ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. തൊട്ടടുത്ത ദിവസം ഇന്ത്യയും തങ്ങളുടെ മത്സരത്തിനിറങ്ങും. ബംഗ്ലാദേശാണ് എതിരാളികള്‍.

ഐ.സി.സി പുറത്തുവിട്ട ഡ്രാഫ്റ്റ്

(തീയ്യതി – ദിവസം – മത്സരം എന്നീ ക്രമത്തില്‍)

ഫെബ്രുവരി 19- ബുധനാഴ്ച – ന്യൂസിലാന്റ് vs പാകിസ്ഥാന്‍

ഫെബ്രുവരി 20 – വ്യാഴാഴ്ച – ബംഗ്ലാദേശ് vs ഇന്ത്യ

ഫെബ്രുവരി 21 – വെള്ളിയാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 22 – ശനിയാഴ്ച – ഓസ്ട്രേലിയ vs ഇംഗ്ലണ്ട്

ഫെബ്രുവരി 23 – ഞായറാഴ്ച – ന്യൂസിലാന്റ് vs ഇന്ത്യ

ഫെബ്രുവരി 24 – തിങ്കളാഴ്ച – പാകിസ്ഥാന്‍ vs ബംഗ്ലാദേശ്

ഫെബ്രുവരി 25 – ചൊവ്വാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ഇംഗ്ലണ്ട്

ഫെബ്രുവരി 26 – ബുധനാഴ്ച – ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 27 – വ്യാഴാഴ്ച – ബംഗ്ലാദേശ് vs ന്യൂസിലാന്റ്

ഫെബ്രുവരി 28 – വെള്ളിയാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ഓസ്ട്രേലിയ

മാര്‍ച്ച് 01 – ശനിയാഴ്ച – പാകിസ്ഥാന്‍ vs ഇന്ത്യ

മാര്‍ച്ച് 02 – ഞായറാഴ്ച – ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട്

ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍: മാര്‍ച്ച് 9

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

റിസര്‍വ് ദിനം : മാര്‍ച്ച് 10

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

Content Highlight: India goes winless in men’s ODIs for first time in 45 years.

We use cookies to give you the best possible experience. Learn more