| Tuesday, 10th September 2013, 7:05 pm

പോളിയോ മുക്തം: ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: രാജ്യത്ത് നിന്നും പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. കഴിഞ്ഞ 30 മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഒരു പോളിയോ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തത് അഭിനന്ദനീയമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു.[]

ന്യൂദല്‍ഹിയില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുക- യായിരുന്നു അവര്‍. കഴിഞ്ഞ 30 മാസമായി പോളിയോ ബാധിക്കപ്പെട്ട ഒരു കേസും ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടട്ടില്ല.

ലോകത്തെ 194 രാജ്യങ്ങള്‍ പോളിയോ മുക്തി കൈവരിക്കാനായി പരിശ്രമിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ നേട്ടം. തീര്‍ത്തും അഭിനന്ദനീയമാണിത്. മാര്‍ഗരറ്റ് പറഞ്ഞു.

അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും അവര്‍ ശ്ലാഘിച്ചു. ആരോഗ്യ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടത്തിന് നേതൃത്വം നല്‍കിയ മന്ത്രി ഗുലാംനബി ആസാദിനെ പ്രശംസിക്കാനും അവര്‍ മറന്നില്ല.

ലോകത്ത് വര്‍ദ്ദിച്ച് വരുന്ന ഹൃദ്രോഗത്തില്‍ ചാന്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. ലോകത്ത് 9.4 മില്ല്യണ്‍ ജനങ്ങള്‍ വര്‍ഷാവര്‍ഷം ഹൃദ്രോഗം മൂലം മരണമടയുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് ഇതിന് കാരണമാകുന്നതെന്നും അവര്‍ പറഞ്ഞു. പ്രസിഡണ്ട് പ്രണാബ് മുഖര്‍ജി,കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മുപ്പത്തിയൊന്നാമത് മന്ത്രിതല സമ്മേളനമാണ് ന്യൂദല്‍ഹിയില്‍ നടക്കുന്നത്.

We use cookies to give you the best possible experience. Learn more