| Wednesday, 24th August 2016, 7:24 am

മദര്‍ തെരേസയ്ക്ക് വിശുദ്ധ പദവി; തപാല്‍ കവറുകളും സ്റ്റാമ്പുകളുമായി തപാല്‍ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ കവറുകള്‍, സ്റ്റാമ്പുകള്‍, നാണയങ്ങള്‍ എന്നിവ പുറത്തിറക്കും. 19-ാം ചരമ വാര്‍ഷികത്തിലാണ് വിശുദ്ധ പദവിയിലേക്ക് മദര്‍ തെരേസ ഉയര്‍ത്തപ്പെടുന്നത്.

വത്തിക്കാനില്‍ സെപ്തംബര്‍ നാലിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുക. ചടങ്ങിന്റെ ഭാഗമായി സെപ്റ്റംബര്‍ രണ്ടിന് പട്ടില്‍ നിര്‍മ്മിച്ച തപാല്‍ കവറാണ് ഇന്ത്യ പുറത്തിറക്കുന്നത്. തപാല്‍ വകുപ്പ് ആദ്യമായാണ് പട്ടുകൊണ്ട് നിര്‍മ്മിച്ച കവര്‍ പുറത്തിറക്കുന്നത്.

2010ല്‍ മദര്‍ തെരേസയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അഞ്ച് രൂപ നാണയം പതിച്ചാണ് കവര്‍ രൂപപ്പെടുത്തിയത്.

നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നവര്‍ക്ക് അപൂര്‍വ ശേഖരമായിരിക്കും ഇത്. ഈ രംഗത്ത് പ്രശസ്തനായ അലോക് കെ. ഗോയലാണ് സ്റ്റാമ്പ് രൂപകല്‍പന ചെയ്തത്. 1,000 കവറുകളും സ്റ്റാമ്പുകളും മാത്രമാണ് പുറത്തിറക്കുക. അതേസമയം, മദര്‍ തെരേസയുടെ ജന്മനാടായ മാസിഡോണിയയും ചടങ്ങിന്റെ സ്മരണക്ക് 100 ദിനാറിന്റെ സ്വര്‍ണം പൂശിയ വെള്ളിനാണയങ്ങള്‍ പുറത്തിറക്കുന്നുണ്ട്. മദറിന്റെ രൂപം മുദ്രണം ചെയ്ത 5,000 നാണയങ്ങളാണ് മാസിഡോണിയ ലോക വിപണിയില്‍ എത്തിക്കുക. ഇതില്‍ 50 നാണയങ്ങള്‍ മാത്രം ഇന്ത്യയിലത്തെും. 1997 സെപ്റ്റംബര്‍ നാലിനായിരുന്നു മദര്‍ തെരേസയുടെ വിയോഗം.

We use cookies to give you the best possible experience. Learn more