ന്യൂദല്‍ഹി: രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) അഞ്ചുകൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. ജനുവരി-മാര്‍ച്ച് 2018-19 സാമ്പത്തിക വര്‍ഷത്തെ അവസാനപാദ ജി.ഡി.പി നിരക്ക് 5.8 ശതമാനം ആണ്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കാര്‍ഷിക മേഖലയിലെയും നിര്‍മ്മാണ രംഗത്തെയും മോശം പ്രകടനവും മുരടിപ്പുമാണ് രാജ്യത്തെ ജി.ഡി.പി കുറവിലേക്ക് തള്ളിവിട്ടത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും ഈ കണക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ സാമ്പത്തിക പാദത്തില്‍ 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക പാദത്തില്‍ 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തെ 6.8 നെക്കാള്‍ താഴെയാണ് നിലവിലത്തെ അവസ്ഥ.
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ചൈന 6.4 ശതമാനം വളര്‍ച്ച കൈവരിച്ചതോടെ അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പദവി ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് അയതിനാലാണ് കണക്കുകള്‍ പുറത്തുവിടാന്‍ വൈകിയത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം വളര്‍ച്ച നേടിയെടുക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പുതിയ സാഹചര്യത്തില്‍ വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമായിരിക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രവചനത്തിന് അടുത്ത് പോലും ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എത്തിയിട്ടില്ല.