|

യഥാര്‍ത്ഥത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍: മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയത് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. അതിനാല്‍ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ട്ഠ നടത്തിയ ദിവസം ‘പ്രതിഷ്ഠാ ദ്വാദശിയായി ആചരിക്കണമെന്നും മോഹന് ഭാഗവത് ആവശ്യപ്പെട്ടു.

ഇന്‍ഡോറില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ ഇസ്രഈല്‍ ഇപ്പോള്‍ ഏറെ മുന്നേറിയെന്നും എന്നാല്‍ ഇന്ത്യ ഇപ്പോഴും ദാരിദ്രത്തില്‍ തുടരുകയാന്നെും ആര്‍.എസ്.എസ് മേധാവി വിമര്‍ശിച്ചു. അതിനാല്‍ രാമക്ഷേത്രത്തിലൂടെ ഇന്ത്യയുടെ അതിജീവനം യാഥാര്‍ത്ഥ്യമാവുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

‘രാമക്ഷേത്രം സ്ഥാപിച്ചത് ആരെയും എതിര്‍ക്കാന്‍ വേണ്ടി ആയിരുന്നില്ല. മറിച്ച് രാജ്യത്തെ സ്വന്തം കാലില്‍ നിര്‍ത്താനും ലോകത്തിന് വഴി കാണിക്കാനുമാണ് രാമക്ഷേത്രം സ്ഥാപിക്കപ്പെട്ടത്.

എന്നാല്‍ ചില നുഴഞ്ഞുകയറ്റക്കാര്‍ ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. അതോടെ ഈ രാജ്യത്തിന്റെ ആത്മാവ് ക്ഷയിക്കാന്‍ തുടങ്ങി. ചില ശക്തികള്‍ രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം വരാന്‍ സമ്മതിക്കില്ലെന്ന് വാശിപിടിച്ചു. അതാണ് രാമക്ഷേത്ര നിര്‍മാണം ഇത്ര നാള്‍ നീണ്ടുപോയത്,’ മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

2024 ജനുവരി 22നായിരുന്നു അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മോഹന്‍ ഭാഗവത്തും ചടങ്ങുകളില്‍ പങ്കാളിയായിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാ ദിന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയിരുന്നു. ഹിന്ദു കലണ്ടര്‍ പ്രകാരം ജനുവരി 11നാണ് രാമക്ഷേത്രത്തിന്റെ വാര്‍ഷികം.

Content Highlight: India Gained actual Independence On Ram Temple Consecration Day says RSS Chief  Mohan Bhagwat