Advertisement
national news
സ്‌ക്രീനിലെ രാമനെ നേരിടാന്‍ ജനറല്‍ സീറ്റില്‍ ദളിത് സ്ത്രീയെ സ്ഥാനാര്‍ത്ഥിയാക്കിയ ഇന്ത്യ മുന്നണിയുടെ നീക്കം ഫലം കാണുന്നു: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 27, 11:05 am
Saturday, 27th April 2024, 4:35 pm

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാമായണം സീരയലിലെ നടന്‍ അരുണ്‍ ഗോവിലിനെതിരെ ഇന്ത്യ സഖ്യം നടത്തിയ നീക്കം ഫലം കാണുന്നതായി റിപ്പോര്‍ട്ടുകള്‍. ജനറല്‍ സീറ്റില്‍ ദളിത് വനിത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാടിന് വലിയ പിന്തുണ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മീററ്റിലെ മുന്‍മേയറും ജാദവ് വിഭാഗത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവുമായ യോഗേഷ് വര്‍മയുടെ പങ്കാളിയായ സുനിത വര്‍മയാണ് മീററ്റിലെ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. യോഗേഷ് വര്‍മക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും മണ്ഡലത്തിലെ ജാതവ വിഭാഗങ്ങളുടെ പിന്തുണയുമാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മീററ്റില്‍ ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ബി.എസ്.പിയും എസ്.പിയും സഖ്യമായിട്ടായിരുന്നു മത്സരിച്ചരുന്നതെങ്കിലും കേവലം അയ്യായിരത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ബി.ജെ.പിയാണ് മീററ്റില്‍ നിന്നും ജയിച്ചത്. ഇത്തവണ രാമക്ഷേത്ര നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ വേണ്ടി ബി.ജെ.പി രാമായണം സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവലിനെ രംഗത്തിറക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതും ഈ തിരുമാനത്തിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ ഈ തിരുമാനം തന്നെയാണ് മീററ്റില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുന്നത് എന്നാണ് ദി വയര്‍ ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജനങ്ങളുമായി നേരിട്ട് ഇടപെട്ടുകൊണ്ട് പ്രചരണത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തത് ബി.ജെ.പിക്ക് തിരിച്ചടിയാകുമ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ എസ്.പി സ്ഥാനാര്‍ത്ഥിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും സമുദായ പിന്തുണയും മുന്നേറ്റമാകുന്നു.

അഖിലേഷ് യാദവിനോ, സൈക്കിളിനോ വോട്ട് ചെയ്യാന്‍ താത്പര്യമില്ലെന്ന് പറയുന്നവര്‍ പോലും സമുദായ അംഗമെന്ന നിലയില്‍ സുനിത വര്‍മക്ക് വോട്ട് ചെയ്യുമെന്നാണ് പറയുന്നത്. മണ്ഡലത്തിലെ മുസ്‌ലിം പ്രാധിനിത്യവും ഇന്ത്യ സഖ്യത്തിന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞത് കണക്കിലെടുത്ത് കൊണ്ടാണ് മൂന്ന് തവണ മീററ്റില്‍ നിന്ന് വിജയിച്ച രാജേഷ് അഗര്‍വാളിനെ ഒഴിവാക്കിക്കൊണ്ട് അരുണ്‍ ഗോവലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്. 80കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും രാമായണം സീരിയലില്‍ രാമനായി അഭിനയിച്ച നടനായിരുന്നു അരുണ്‍ ഗോവല്‍.

രാമക്ഷേത്ര നിര്‍മാണത്തിന്റെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യവും ബി.ജെ.പിയുടെ ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോട് കൂടി മണ്ഡലത്തിലെ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചിരിക്കുകയാണ്.

content highlights: India Front’s move to field Dalit woman candidate in general seat to take on on-screen Raman is paying off: Report