| Monday, 3rd June 2024, 9:27 pm

ഫലപ്രഖ്യാപനത്തിന് ശേഷം ഇന്ത്യ മുന്നണി നേതാക്കളോട് ദല്‍ഹിയിലെത്താന്‍ നിര്‍ദേശം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇന്ത്യ മുന്നണിയുടെ എല്ലാ നേതാക്കളോടും ദല്‍ഹിയിലെത്താന്‍ നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇന്ത്യ മുന്നണിയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ച രാവിലെയോ ദല്‍ഹിയില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

അവരവരുടെ സംസ്ഥാനങ്ങളിലെ വോട്ട് എണ്ണിയതിന് ശേഷം വൈകീട്ടോടെ ദല്‍ഹിയിലെത്താനാണ് നിര്‍ദേശം. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് നിഷേധിച്ചിരുന്നു.

എന്നാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം ഇന്ത്യ മുന്നണി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. 295 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ.

അതേ സമയം പുറത്തുവന്നിട്ടുള്ള എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും എന്‍.ഡി.എക്ക് തന്നെയാണ് ഭൂരിപക്ഷം പ്രവചിച്ചിട്ടുള്ളത്. ഡി.ബി.ലൈവ് മാത്രമാണ് ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിട്ടുള്ള പ്രധാനപ്പെട്ട എക്‌സിറ്റ് പോള്‍. എക്‌സിറ്റ് പോളിലെ പൊള്ളത്തരങ്ങളെ തിങ്കളാഴ്ച എ.എ.പി നേതാവ് സഞ്ജയ് സിങ്ങ് തുറന്നുകാട്ടിയിരുന്നു. വിവിധ എക്‌സിറ്റ് പോളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു സഞ്ജയ് സിങ്ങിന്റെ വാര്‍ത്താസമ്മേളനം.

ഝാര്‍ഖഢില്‍ ഒരിടത്തുപോലും മത്സരിക്കാത്ത സി.പി.ഐ.എം 2 മുതല്‍ 3 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും, തമിഴ്‌നാട്ടില്‍ 9 സീറ്റില്‍ മാത്രം മത്സരിക്കുന്ന കോണ്‍ഗ്രസ് 13 സീറ്റുകളില്‍ ജയിക്കുമെന്നുമെല്ലാം പറയുന്ന എക്‌സിറ്റ് പോളുകള്‍ എങ്ങനെയാണ് വിശ്വസിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രാജ്യത്ത് ഇത്തരം എക്‌സിറ്റ് പോളുകള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

content highlights: India Front leaders instructed to reach Delhi after result declaration; Report

We use cookies to give you the best possible experience. Learn more