| Monday, 18th September 2023, 3:38 pm

സി.പി.ഐ.എമ്മിനെ കണ്ടിട്ടല്ല ഇന്ത്യ മുന്നണിയുണ്ടാക്കിയത്, നയിക്കാന്‍ അവരെ ആരും ക്ഷണിച്ചിട്ടില്ല: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എമ്മിനെ കണ്ടിട്ടല്ല ഇന്ത്യ മുന്നണിയുണ്ടാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇന്ത്യ മുന്നണിയെ നയിക്കാനോ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനോ സി.പി.ഐ.എമ്മിനെ ആരും ക്ഷണിച്ചിട്ടില്ലെന്നും കെ. സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സി.പി.ഐ.എം ഇന്ത്യയിലെ ഒരു ചെറിയ പാര്‍ട്ടിയാണെന്നും അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഈ സഖ്യത്തിനൊപ്പം ചേരാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ സമിതിയില്‍ നിന്ന് സി.പി.ഐ.എം മാറിനില്‍ക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍.

‘ഇന്ത്യ മുന്നണിയിലെ ഒരു ചെറിയ പാര്‍ട്ടിയാണ് സി.പി.ഐ.എം. ഇന്ത്യ രാജ്യത്ത് എത്ര സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ആളുകളുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യ സഖ്യം സി.പി.ഐ.എമ്മിനെ കണ്ട് ഉണ്ടാക്കിയതല്ല.

ബി.ജെ.പിയുടെ രാഷ്ട്രീയ നയത്തിനെതിരെയുള്ള ഒരു തുറന്ന പോരാട്ടത്തിനുള്ള വേദിയാണ് ഇന്ത്യ മുന്നണി. അതിനെ നിയന്ത്രിക്കാനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും സി.പി.ഐ.എമ്മിനെ ആരും ക്ഷണിച്ചിട്ടില്ല. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഇതില്‍ ചേരാം, അല്ലെങ്കില്‍ വേണ്ട.

സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യ നേതൃത്വം ഇതിന് അനകൂലമാണെന്നും സംസ്ഥാന നേതൃത്വമാണ് എതിര്‍പ്പ് അറിയച്ചത് എന്നുമാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. ഇനി എന്ത് തന്നെയെയാലും അത് സി.പി.ഐ.എമ്മിന്റെ സ്വന്തം കാര്യമാണ്. അവരില്ലാത്തത് കൊണ്ട് ഈ സഖ്യം പൊളിഞ്ഞുപോകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. അത് വിഡ്ഢികളുടെ സ്വര്‍ഗരാജ്യം പോലെയായിരിക്കും.

ഒരു അന്തിമ പോരാട്ടത്തിന്റെ തുടക്കം കുറിക്കുന്നതാണ് ഇന്ത്യ സഖ്യം. ആ യാഥാര്‍ത്ഥ്യത്തിന് എതിരെ നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒറ്റപ്പെടുകയും തകരുകയും ചെയ്യും, ‘ കെ. സുധാകരന്‍ പറഞ്ഞു.

CONTENT HIGHLIGHTS: India front did not form the after seeing CPIM, no one invited them to lead; K. Sudhakaran

We use cookies to give you the best possible experience. Learn more