കൊളംബൊ: ശ്രീലങ്കക്കെതിരെ 168 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യയ്ക്ക് ഈ മത്സരം കഴിഞ്ഞ കളികള്‍ പോലെയങ്ങനെ ജയിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. കളിക്കളത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേയും മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയേയും കാത്തിരുന്നത് അനേകം റെക്കോര്‍ഡുകളായിരുന്നു.
ടോസ് നേടി ബാറ്റിങ്ങ് ചെയ്ത ഇന്ത്യ കോഹ്ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന 219 റണ്‍സ് സഖ്യത്തിന്റെ പിന്‍ബലത്തിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 375 എന്ന മികച്ച സ്‌കോറിലെത്തിയത്. ഇരുവരും സെഞ്ച്വറി നേടുകയും ചെയ്തു. കോഹ്ലിയുടെ 29മത്തെ സെഞ്ച്വറിയാണിത്. ഇതോടെ ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ താരമായി ഇന്ത്യന്‍ നായകന്‍ മാറി.
ശ്രീലങ്കയുടെ സനത് ജയസൂര്യയെയാണ് കോഹ്ലിയെ പിന്തള്ളിയത്. 30 സെഞ്ച്വറികളുള്ള റിക്കി പോണ്ടിംഗും 49 സെഞ്ച്വറികളുമായ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മാത്രമാണ് കോഹ്ലിയ്ക്ക് മുന്നിലുള്ളത്.
എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനായി ഏറ്റവുമധികം തവണ നൂറു കടന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തമാക്കി. ഗാംഗുലിയുടെ 16 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. 2017ല്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമായും കോഹ്ലി മാറി. 907 റണ്‍സാണ് 17 മത്സരങ്ങളില്‍ നിന്ന കോഹ്ലി നേടിയത്. കോഹ്ലിയെടുത്ത 131 റണ്‍ ഒരു ക്യാപ്റ്റന്‍ ശ്രീലങ്കയില്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണ്. രോഹിത് ശര്‍മ്മയ്ക്കൊപ്പമുള്ള 219 റണ്‍സ് പാര്‍ട്ടണര്‍ഷിപ്പ് ശ്രീലങ്കയ്ക്കെതിരെയുള്ള ഏറ്റവും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്.
നേരത്തെ കളിയ്ക്കിറങ്ങും മുന്നെ മുന്നൂറാം മത്സരത്തിനിറങ്ങുന്ന ആറാമത്തെ ഇന്ത്യന്‍താരമെന്ന റെക്കോഡോടു കൂടിയാണ് ധോണി കളിക്കാനിറങ്ങിയത് . മത്സരത്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പുറത്താവാതിരുന്ന താരം എന്ന റെക്കോഡ് ഇതോടു കൂടി ധോണിയ്ക്കു സ്വന്തമായി. ഷോണ്‍ പൊള്ളോക്കിന്റെയും ചാമിന്ദ വാസിന്റെയും 72 മത്സരങ്ങളില്‍ നോട്ട ഔട്ട് എന്ന റെക്കോഡാണ് മറികടന്നത്.
ധോണി കൈവിട്ട റൊക്കോര്‍ഡുകളും മത്സരത്തിലുണ്ടായിരുന്നു. ഒരു സ്റ്റംബിങ്ങ് കൂടി ചെയ്തിരുന്നെങ്കില്‍ 100 പേരെ സ്റ്റംമ്പ് ചെയ്ത് പുറത്താക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും സ്റ്റംബിങ്ങിലൂടെ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ധോണിയ്ക്ക് നേടാമായിരുന്നു. 99 സ്റ്റംമ്പിങ്ങുകള്‍ ചെയ്ത സംഗക്കാരയോടൊപ്പമാണ് ധോണിയിപ്പോള്‍.
ഒരു റണ്‍ കൂടി നേടിയിരുന്നെങ്കില്‍ 100 അര്‍ധസെഞ്ച്വറികള്‍ എന്ന നാഴിക കല്ലും ധോണിയ്ക്ക് പിന്നിടാമായിരുന്നു. മത്സരത്തില്‍ ശ്രീലങ്കന്‍ ക്യാപ്റ്റനായ മലിംഗയും മറ്റൊരു നാഴികകല്ല് പിന്നിട്ടു. കോഹ്ലിയുടെ വിക്കറ്റ് നേടിയതോടെ ഏകദിനത്തില്‍ 300 വിക്കറ്റുകള്‍ നേടുന്ന പതിമൂന്നാമത്തെ താരമായി മലിംഗ മാറി.