| Friday, 18th October 2013, 12:50 am

ആണവവിതരണക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി :ആണവവിതരണക്കാരുടെയും നടത്തിപ്പുകാരുടെയും ആശങ്കകള്‍ കണക്കിലെടുത്ത് ആണവമേഖലയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ നീക്കം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

പൊതുമേഖലാസ്ഥാപനമായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആണവമേഖലയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍  തയ്യാറാക്കി വരുകയാണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നു.

പവര്‍ റിയാക്ടറിന്റെ നിശ്ചിതഭാഗങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും ഇതില്‍ ഉള്‍പ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ അതിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള ബാധ്യതകള്‍ മുന്‍കൂട്ടിതന്നെ കണക്കാക്കാന്‍ ഇതുമൂലം കഴിയും.

കൂടാതെ ഇന്ത്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനും വിതരണക്കാരായ റഷ്യന്‍, അമേരിക്കന്‍, ഫ്രഞ്ച് ഏജന്‍സികളും തമ്മിലുള്ള വിലപേശലില്‍ സുപ്രധാനപങ്ക് വഹിക്കുകയും ചെയ്യും.

ആണവബാധ്യതാബില്ലിനെക്കുറിച്ച് റഷ്യയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ഇന്ത്യന്‍ നേതൃത്വം കരുതുന്നു.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന് രണ്ടു റിയാക്ടറുകള്‍ കൂടി നല്‍കാന്‍ പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണിത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അഞ്ചു ദിവസം നീളുന്ന മോസ്‌കോബീജിംഗ് സന്ദര്‍ശനം ഈ മാസം 20ന് ആരംഭിക്കും.

We use cookies to give you the best possible experience. Learn more