| Friday, 9th March 2018, 7:55 am

പ്രതിരോധ മേഖലയില്‍ വിദേശനിക്ഷേപം ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി പാളി; നാലുകൊല്ലം കൊണ്ടു വന്നത് 1.17 കോടി രൂപയുടെ നിക്ഷേപം മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പാളിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതുമുതല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കുകളാണ് പുറത്തു വന്നത്. ഇക്കാലയളവില്‍ 1.17 കോടി രൂപ മാത്രമാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളിലേക്കെത്തിയ വിദേശ നിക്ഷേപം.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം വിദേശ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ തന്നെ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇഴഞ്ഞു നീങ്ങുകയാണ്. മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ വിവിധ രാജ്യങ്ങളുമായി 1.25 ലക്ഷം കോടി രൂപയുടെ കരാറുകളിലാണ് ഇന്ത്യ ഏര്‍പ്പെട്ടിട്ടുള്ളത്.


Also Read: ‘എന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കരുത്’; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും വി.എസ്


ആയുധനിര്‍മ്മാണത്തിലെ ഇന്ത്യന്‍ കമ്പനിയുടെ പരിചയം ഇല്ലായ്മയാണ് നിക്ഷേപം നടത്തുന്നതില്‍ നിന്നും വിദേശരാജ്യങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിനു മുഖ്യകാരണം. കൂടാതെ നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതകളും പദ്ധതിയ്ക്ക് തിരിച്ചടിയായി.

3,86,885 കോടിരൂപയുടെ വിദേശ നിക്ഷേപമാണ് വിവിധ മേഖലകളില്‍ 2016-2017 കാലയളവില്‍ ഇന്ത്യയിലെത്തിയത്.ഇതിനെ അപേക്ഷിച്ച് പ്രതിരോധമേഖലയിലെത്തിയ വിദേശനിക്ഷേപം വളരെ കുറവാണ്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.


Don”t Miss: കൂറെ കാലം മുമ്പേ ഈ അംഗീകാരം ലഭിക്കേണ്ടതായിരുന്നു; ആളൊരുക്കത്തിലൂടെ മികച്ച നടനുള്ള പുരസ്‌ക്കാരം ഇന്ദ്രന്‍സിന് ലഭിച്ചതില്‍ നിറഞ്ഞ സന്തോഷമെന്നും സംവിധായകന്‍ വി.സി അഭിലാഷ്


49 ശതമാനമാണ് പ്രതിരോധമേഖലയിലെ വിദേശ നിക്ഷേപം. 2016-ലാണ് വിദേശനിക്ഷേപനയം ഇത്തരത്തില്‍ ഭേദഗതി ചെയ്യപ്പെട്ടത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ പങ്കാളിത്തത്തോടെ പ്രതിരോധ മേഖലയില്‍ നിര്‍മ്മാണ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആയുധ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ലോകോത്തര ഗുണനിലവാരമുള്ള ആയുധങ്ങള്‍ നിര്‍മിച്ചാല്‍, അവ സ്വീകരിക്കാന്‍ തയാറാണെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെല്ലാം തിരിച്ചടിയായിരിക്കുകയാണ് കേന്ദ്രതീരുമാനത്തിന്റെ പരാജയം.

We use cookies to give you the best possible experience. Learn more