| Sunday, 17th November 2024, 10:45 pm

2024ല്‍ ജപ്പാന് ശേഷം രണ്ടാമത് ഇന്ത്യ! സ്വന്തം റെക്കോഡ് തകര്‍ത്ത് മൂന്നാം സ്ഥാനത്തേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ അവസാന മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ ഈ വര്‍ഷത്തെ ടി-20 ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചത്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ പരമ്പരയും ഇതോടൊപ്പം ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ഈ വിജയത്തിന് പിന്നാലെ ഒരു കലണ്ടര്‍ ഇയറില്‍ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിജയശതമാനമുള്ള നാഷണല്‍ ടീം എന്ന റെക്കോഡ് നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം കളിച്ച 26 മത്സരത്തില്‍ 24ലും വിജയിച്ചാണ് ഇന്ത്യ റെക്കോഡിട്ടത്.

പ്രോട്ടിയാസിനെതിരായ അവസാന മത്സരത്തില്‍ എതിരാളികളുടെ എല്ലാ വിക്കറ്റുകളും പിഴുതെറിഞ്ഞാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. തിലക് വര്‍മയുടെയും സഞ്ജു സാംസണിന്റെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 18.2 ഓവറില്‍ 148ന് പുറത്താവുകയായിരുന്നു.

ജോഹനാസ്‌ബെര്‍ഗില്‍ എതിരാളികളെ ഒന്നൊഴിയാതെ എറിഞ്ഞിട്ടതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ എതിരാളികളെ പുറത്താക്കിയ ടീമുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചാണ് ഇന്ത്യ റെക്കോഡിട്ടത്.

ഈ വര്‍ഷം ആകെ കളിച്ച 26 മത്സരത്തില്‍ പത്ത് തവണയാണ് ഇന്ത്യ എതിരാളികളുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞത്. ഈ വര്‍ഷം തന്നെ 12 തവണ ഈ നേട്ടം കൈവരിച്ച ജപ്പാനാണ് പട്ടികയില്‍ രണ്ടാമത്.

കഴിഞ്ഞ വര്‍ഷം 19 തവണ എതിരാളികളെ ഓള്‍ ഔട്ടാക്കിയ ഉഗാണ്ടയാണ് പട്ടികയില്‍ ഒന്നാം സ്ഥാനതത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ എതിരാളികളെ ഏറ്റവുമധികം തവണ ഓള്‍ ഔട്ടാക്കിയ ടീം

(ടീം – വര്‍ഷം – മത്സരം – ഇന്നിങ്‌സ് – ഓള്‍ ഔട്ട് ഇന്നിങ്‌സ് – വിക്കറ്റ്‌സ്/ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

ഉഗാണ്ട – 2023 – 33 – 33 – 19 – 8.49

ജപ്പാന്‍ – 2024 – 25 – 25 – 12 – 7.68

ഇന്ത്യ – 2024 – 26 – 26 – 10 – 8.39

ടാന്‍സാനിയ – 2022 – 29 – 27 – 10 – 7.48

റുവാണ്ട – 2023 – 42 – 42 – 10 – 5.91

ഇന്ത്യ – 2022 – 40 – 39 – 10 – 6.64

ഇന്ത്യയെ സംബന്ധിച്ച് ഈ വര്‍ഷം ഏറെ മികച്ചതായിരുന്നു. ലോകകപ്പ് വിജയത്തിനൊപ്പം 2024ലെ ഏറ്റവും മികച്ച വിജയശതമാനത്തോടെയാണ് ഇന്ത്യ ടി-20 ക്യാമ്പെ്‌നുകള്‍ അവസാനിപ്പിച്ചത്.

ഇതിന് പുറമെ മറ്റ് ചില നേട്ടങ്ങളും ഇന്ത്യ 2024ല്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം മാത്രം ഇന്ത്യ മൂന്ന് തവണയാണ് 100+ റണ്‍സിന്റെ വിജയം സ്വന്തമാക്കുന്നത്. 2023 വരെ നാല് തവണ മാത്രമാണ് ഇന്ത്യക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.

ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ച് വിജയത്തില്‍ രണ്ടെണ്ണം പിറന്നതും ഇതേ വര്‍ഷം തന്നെയാണ്. ബംഗ്ലാദേശിനെതിരെ ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ 49 പന്തും ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ 46 പന്തും ശേഷിക്കെ നേടിയ വിജയങ്ങളാണിത്.

Content Highlight: India finishes at 3 in bowling out the opponents in a calendar year in men’s T20Is

We use cookies to give you the best possible experience. Learn more