ഇൻഡോറിൽ നടന്നത് വൻ പരാജയം; ടി-20 ഹോം മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ഇത്ര മാർജിനിൽ തോൽക്കുന്നത് ഇതാദ്യം
Cricket
ഇൻഡോറിൽ നടന്നത് വൻ പരാജയം; ടി-20 ഹോം മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ഇത്ര മാർജിനിൽ തോൽക്കുന്നത് ഇതാദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th October 2022, 11:50 pm

ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി-20യിൽ ഇന്ത്യക്ക് വൻ പരാജയം. ടി-20 ഹോം മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ഇതാദ്യമായാണ് ഇത്ര മാർജിനിൽ തോൽക്കുന്നത്. 49 റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.3 ഓവറിൽ 178 റൺസിന് ഓൾ ഔട്ടായി.

ക്യാപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും നേരത്തെ വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോൾ 21 പന്തിൽ 46 റൺസെടുത്ത ദിനേശ് കാർത്തിക് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത റിഷബ് പന്ത് 14 പന്തിൽ 27 റൺസെടുത്തപ്പോൾ ദീപക് ചാഹർ 17 പന്തിൽ 31 റൺസെടുത്ത് ഇന്ത്യയുടെ തോൽവിഭാരം കുറച്ചു. തോറ്റെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

 

ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. റൂസോ തന്റെ കന്നി സെഞ്ച്വറി നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ത്തിൽ 227 റൺസെടത്തു. 43 പന്തിൽ 68 റൺസുമായി ക്വിന്റൺ ഡി കോക്കും ടീമിന് സംഭാവന നൽകി.

രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, സൂര്യകുമാർ യാദവ്, ഹർഷൽ പട്ടേൽ എന്നിവർ വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോൾ അക്സർ പട്ടേലിനൊപ്പം രവിചന്ദ്രൻ അശ്വിൻ മധ്യനിരയിൽ തുടർന്നു.

അശ്വിൻ എറിഞ്ഞ പവർ പ്ലേയിലെ അവസാന ഓവറിൽ 10 റൺസടിച്ച് ഇരുവരും ദക്ഷിണാഫ്രിക്കയെ 48 റൺസിലെത്തിച്ചു. ഏഴാം ഓവറിൽ സിറാജിനെ സിക്‌സും ഫോറും അടിച്ച് 13 റൺസടിച്ച ദക്ഷിണാഫ്രിക്ക ടോപ് ഗിയറയിലായെന്ന് കരുതിയെങ്കിലും ഹർഷൽ പട്ടേൽ എറിഞ്ഞ എട്ടാം ഓവറിൽ ഏഴ് റൺസെടുക്കാനെ കഴിഞ്ഞുള്ളു.

10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തിരുന്ന ദക്ഷിണാഫ്രിക്കയെ പിന്നീട് റൂസോ ഒറ്റക്ക് ചുമലിലേറ്റി. ദീപക് ചാഹർ എറിഞ്ഞ അവസാന ഓവറിൽ 24 റൺസടിച്ച ദക്ഷിണാഫ്രിക്ക അവസാന അഞ്ചോവറിൽ മാത്രം 73 റൺസാണ് അടിച്ചു കൂട്ടിയത്.

മൂന്ന് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ തെംബ ബവുമ പുറത്തായ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡിക്കോക്ക്-റൂസോ സഖ്യം ഞൊടിയിടയിൽ 90 റൺസാണ് ദക്ഷിണാഫ്രിക്കൻ സ്‌കോറിലേക്ക് ചേർത്തത്.

അഞ്ച് പന്തിൽ മൂന്ന് സിക്സ് അടക്കം 19 റൺസുമായി മില്ലർ ഫിനിഷിങ് ഗംഭീരമാക്കി. ഇന്ത്യക്കായി ദീപക് ചാഹറും ഉമേഷ് യാദവും ഓരോ വിക്കറ്റെടുത്തു.

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. വിശ്രമം അനുവദിച്ച വിരാട് കോഹ്‌ലിയും കെ.എൽ. രാഹുലും നേരിയ പരിക്കുള്ള അർഷ്ദീപ് സിങ്ങും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായപ്പോൾ ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ഉമേഷ് യാദവും മത്സരത്തിനിറങ്ങി.

ദക്ഷിണാഫ്രിക്കൻ ടീമിലും ഒരു മാറ്റമുണ്ട്. പേസർ ആന്റിച്ച് നോർക്യക്ക് പകരം ഡ്വയിൻ പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ, റിഷബ് പന്ത്, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, സൂര്യകുമാർ യാദവ്,, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

Content Highlights: India fails to conquer South Africa in T20 final match