ഗയാന: വനിത ടി-20 സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ പഴയൊരു കണക്കുകൂടി തീര്‍ക്കാനുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യയ്ക്ക് കിരീടം കയ്യെത്തും ദൂരത്ത് നഷ്ടമായത്. അതിന് കരീബിയന്‍ മണ്ണില്‍ പകരം ചോദിക്കുകയാണ് ഹര്‍മന്‍ പ്രീത് കൗറിന്റേയും സംഘത്തിന്റേയും ലക്ഷ്യം. പുലര്‍ച്ചെ 5 മണിക്കാണ് മത്സരം.
ഗ്രൂപ്പ് ബിയില്‍ ന്യുസീലന്‍ഡിനേയും ഓസ്‌ട്രേലിയയേയും പാക്കിസ്ഥാനേയും തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സെമി പ്രവേശം ഗംഭീരമാക്കിയത്. അതേ സമയം ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ വരവ്.
ബാറ്റിങും ബോളിങും ഒരുപോലെ മികച്ചതാണ് ഇന്ത്യയുടെ കരുത്ത്. ഓസ്‌ട്രേലിയക്കെതിരെ വിശ്രമം അനുവദിച്ച മിതാലി രാജ് നാളെ സ്മൃതി മന്ദാനയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യും. ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍ത്ത് കളിച്ച മന്ദാന ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ സ്‌കോറിങിനെ പിടിച്ചുകെട്ടാന്‍ ഇംഗ്ലീഷ് ബോളിങ് പാടുപെടും.
ഒരു സെഞ്ചുറിയടക്കം 167 റണ്‍സെടുന്ന നായിക ഹര്‍മന്‍ പ്രീതും മികച്ച ഫോമിലാണ്. ബോളിങില്‍ എട്ടുവിക്കറ്റുമായി മുന്നിലുള്ള പൂനം യാദവും ഏഴുവിക്കറ്റുള്ള രാധ യാദവുമാണ് ഇന്ത്യന്‍ ബോളിങിന്റെ കുന്തമുന.
മറുവശത്ത് ഇംഗ്ലണ്ടിനെ എഴുതി തള്ളാനാകില്ല. ഏഴുവിക്കറ്റെടുത്ത അന്യ ശ്രുബ്‌സോലും നാല് വിക്കറ്റെടുത്ത നതാലിയ സിവെറിലുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍.
ഇന്ത്യയ്ക്കിതുവരെ ലോക ടി-20യുടെ ഫൈനലില്‍ കടക്കാന്‍ ആയിട്ടില്ല എന്നത് തിരിച്ചടിയാണ്. അതേസമയം ഇംഗ്ലണ്ടിനേക്കാള്‍ മികച്ച നിര ഇന്ത്യയ്ക്കുള്ളത് ഫൈനലിലേക്കുള്ള പ്രതീക്ഷയ്ക്ക് കരുത്ത് നല്‍കുന്നു.ആദ്യ സെമി ഫൈനലില്‍ രാത്രി 1.30ക്ക് ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.