ശ്രീലങ്കയിലേക്ക് വന്‍ തുക എത്തുന്നു; ബുദ്ധമത സഹകരണത്തിനായി മോദിയും രാജപക്‌സെയും
national news
ശ്രീലങ്കയിലേക്ക് വന്‍ തുക എത്തുന്നു; ബുദ്ധമത സഹകരണത്തിനായി മോദിയും രാജപക്‌സെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th September 2020, 8:54 pm

ന്യൂദല്‍ഹി: ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളിെലയും ബുദ്ധ മതത്തെ അടിസ്ഥാനമാക്കി പരസ്പര സഹകരണത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ബുദ്ധ മത സഹകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 15 മില്യണ്‍ ഡോളറാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും തമ്മില്‍ നടത്തിയ വിര്‍ച്വല്‍ സമ്മിറ്റിലാണ് പ്രഖ്യാപനം.

ബുദ്ധ വിഹാരങ്ങളുടെ നിര്‍മാണം, നവീകരണം, സാംസ്‌കാരിക കൈമാറ്റ പദ്ധതികള്‍, പുരാവസ്തു സഹകരണം, ബുദ്ധസ്മാരകങ്ങളുടെ പ്രദര്‍ശനം, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയ്ക്കായാണ് ഈ സഹായ ധനം. നേരത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ശ്രീലങ്കയ്ക്ക് 400 മില്യണ്‍ ഡോളര്‍ കടമായി ഇന്ത്യ നല്‍കിയിരുന്നു.

ശ്രീലങ്കയിലെ രാജപക്‌സെ സര്‍ക്കാരുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുന്നതിന്റെ സൂചനയായാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അതേ സമയം ശ്രീലങ്കയില്‍ രാജപക്‌സെ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.

ശ്രീലങ്കയില്‍ ഗോവധ നിരോധനമേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് രജപക്സെ സര്‍ക്കാര്‍. ഭരണപാര്‍ട്ടി എസ്.എല്‍.പി.പിയുമായി പ്രധാനമന്ത്രി മഹിന്ദ രജപക്സെ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും ഗോവധ നിരോധനത്തിനായി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. ഭരണപാര്‍ട്ടിയായ എസ്.എല്‍.പി.പിക്ക് സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും വലിയ പിന്തുണയാണുള്ളത്.

തങ്ങള്‍ക്ക് അധികാരത്തിലേറാന്‍ വേണ്ടി രാജ്യത്തെ ന്യൂന പക്ഷങ്ങളില്‍ നിന്നും പിന്തുണ വേണ്ടെന്ന് പരസ്യമായി എസ്.എല്‍.പി.പി പറഞ്ഞിരുന്നു. കഴിഞ്ഞമാസമാണ് എസ്.എല്‍.പി.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഈ വിജയത്തോടെ നാലാം തവണയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി രജപക്സെ തെരഞ്ഞെടുക്കപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ