യു.എസ് ഉന്നത ഉദ്യോഗസ്ഥരുടെയും പാകിസ്ഥാന്‍ കരസേനാ മേധാവിയുടെയും കൂടിക്കാഴ്ചയില്‍ അതൃപ്തിയറിയിച്ച് ഇന്ത്യ
national news
യു.എസ് ഉന്നത ഉദ്യോഗസ്ഥരുടെയും പാകിസ്ഥാന്‍ കരസേനാ മേധാവിയുടെയും കൂടിക്കാഴ്ചയില്‍ അതൃപ്തിയറിയിച്ച് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd December 2023, 8:24 pm

ന്യൂദല്‍ഹി: അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ കരസേനാ മേധാവിയായ ജനറല്‍ അസിം മുനീറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. വാഷിങ്ടണില്‍ വെച്ചായിരുന്നു ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച. യു.എസിലെ തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയതാണ് പാകിസ്ഥാന്‍ കരസേനാ മേധാവി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലിയോഡ് ജെ ഓസ്റ്റിന്‍, ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാന്‍ഡ്, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ ഫിനര്‍, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ചാള്‍സ് ക്യൂ ബ്രൗണ്‍ എന്നിവരുമായി അസിം മുനീര്‍ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ഭീകരവാദത്തെ ഇസ്ലാമാബാദ് പിന്തുണക്കുന്നതിന്റെ പ്രത്യാഘാതങ്ങളും അതിര്‍ത്തി കടന്നുകൊണ്ട് പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളും ലോകത്ത് എല്ലാവര്‍ക്കുമറിയാമെന്നും മറ്റു രാജ്യങ്ങള്‍ ഈ വിഷയം ഗൗരവമായി നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.

ചെങ്കടലില്‍ ഹൂത്തി വിമതര്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഈ മേഖലയിലെ വാണിജ്യ കപ്പലുകളുടെ സ്വതന്ത്രമായ നീക്കത്തെ പിന്തുണക്കാനാണ് ഇന്ത്യ താത്പര്യപെടുന്നതെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

അറബിക്കടലില്‍ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും വാണിജ്യ കപ്പലുകളുടെ സ്വതന്ത്രമായ ഗതാഗതത്തെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: India expressed displeasure at the meeting between the US top officials and the Pakistan army chief