national news
കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ
ന്യൂദൽഹി: കാനഡയിലെ ഖലിസ്ഥാൻവാദി നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിക്കെതിരെ തിരിച്ചടിയുമായി ഇന്ത്യ. മുതിർന്ന കനേഡിയൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിട്ട് പോകാൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെടുന്നു, ഇന്ത്യ-വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുകുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ നടപടി.
ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് നേരത്തെ ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസി റോയുടെ കാനഡ സ്റ്റേഷൻ മേധാവി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയിരുന്നു. തുടർന്ന് കനേഡിയൻ ഹൈകമ്മീഷണറെ വിളിപ്പിക്കുകയും ശേഷം മറ്റൊരു നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയുമായിരുന്നു.
അതേസമയം, നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളി. വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ രാജ്യത്തിനെതിരെയുള്ള ആരോപണങ്ങൾ ‘അസംബന്ധ’വും ‘പ്രേരിപ്പിച്ച’താണെന്നും വ്യക്തമാക്കി. കാനഡയിൽ അഭയം നൽകിയിട്ടുള്ള ഖലിസ്ഥാനി തീവ്രവാദികളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുവാനാണ് കാനഡയുടെ ആരോപണങ്ങൾ എന്നും സർക്കാർ പറഞ്ഞു.
ഗൂഢലക്ഷ്യങ്ങളോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും ജി20 ഉച്ചകോടിയിൽ കാനഡയുടെ പ്രധാനമന്ത്രി ഈ വിഷയം ഉയർത്തിയപ്പോൾ തന്നെ ഇന്ത്യ അത് തള്ളിയതാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഇന്ത്യ പറയുന്നു.
‘കനേഡിയൻ പ്രധാനമന്ത്രി അവരുടെ പാർലമെന്റിൽ നടത്തിയ പ്രസ്താവനയും കാനഡയുടെ വിദേശകാര്യമന്ത്രി നടത്തിയ പ്രസ്താവനയും നമ്മൾ തള്ളിക്കളഞ്ഞതാണ്,’ കേന്ദ്ര സർക്കാർ പറഞ്ഞു.
ജി20 ഉച്ചകോടിയിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുന്നതിന്റെ ചിത്രം വ്യക്തമായിരുന്നു. കാനഡയിൽ ഖലിസ്ഥാനി തീവ്രവാദികൾ ഇന്ത്യ-വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ കാനഡ നടപടികൾ സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പറഞ്ഞിരുന്നു. എന്നാൽ ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇന്ത്യ ഇടപെടേണ്ട എന്നുമായിരുന്നു കാനഡയുടെ നിലപാട്.
ജി20 ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ച നടത്തിയ ഇന്ത്യ, കാനഡയുമായി ഏറ്റവും അവസാനം മാത്രമാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. കാനഡ ഇന്ത്യ ഒഴികെ മറ്റ് ജി20 രാജ്യങ്ങളുമായി ചർച്ചകൾ ഒന്നും നടത്തിയിരുന്നുമില്ല.
ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് ക്ഷേത്രത്തിന്റെ മുമ്പിൽവെച്ചാണ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. സിഖ് വംശജർക്ക് മാത്രമായി ഖലിസ്ഥാനി രാഷ്ട്രം വേണം എന്ന വാദത്തിനെ പിന്തുണക്കുന്ന നിജ്ജാറിനെ 2020ൽ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
Content Highlight: India expels senior Canadian diplomat