| Tuesday, 26th December 2023, 4:52 pm

അഭിമാനപ്പോരാട്ടത്തില്‍ ജഡേജയെ കളിപ്പിക്കാതെ ഇന്ത്യ; കാരണമിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിലാണ് നടക്കുന്നത്. പര്യടനത്തിലെ ടി-20 പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

സൗത്ത് ആഫ്രിക്കയില്‍ ഇക്കാലം വരെ റെഡ് ബോള്‍ സീരീസ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്ന നാണക്കേട് മറക്കാന്‍ കൂടിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

എന്നാല്‍ ആദ്യ ടെസ്റ്റില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇല്ലാതെയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പിന്‍ ഓള്‍ റൗണ്ടറായ ആര്‍. അശ്വിന്‍ ടീമിലെത്തിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറാണ് ടീമിലെ രണ്ടാം ഓള്‍ റൗണ്ടര്‍.

പരിക്ക് മൂലമാണ് ജഡേജ ടീമിന്റെ ഭാഗമാകാത്തത് എന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്. പുറം ഭാഗത്തിനേറ്റ പരിക്കാണ് താരത്തെ പിന്നോട്ട് വലിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘മത്സരദിവസം രാവിലെ ജഡേജ തനിക്ക് പുറം വേദനയുള്ളതായി പറഞ്ഞിരുന്നു. ഇക്കാരണത്താല്‍ ആദ്യ ടെസ്റ്റില്‍ അവന്‍ ഉണ്ടായിരിക്കില്ല,’ ബി.സി.സി.ഐ പറഞ്ഞു.

ടോസിനിടെ ജഡേജയുടെ അഭാവത്തെ കുറിച്ച് ക്യാപ്റ്റന്‍ രോഹിത്തും സംസാരിച്ചു.

‘നാല് സീമര്‍മാരെയും ഒരു സ്പിന്നറെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജഡേജക്ക് പകരം അശ്വിനാണ് കളിക്കുന്നത്. ജഡ്ഡുവിന് പുറം വേദനയുണ്ട്. ഇക്കാരണത്താലാണ് അശ്വിന്‍ കളിക്കുന്നത്. അദ്ദേഹം വളരെ മികച്ച താരമാണ്.

പ്രസിദ്ധ് കൃഷ്ണ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയാണ്. ജസ്പീത് ബുംറ, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് മറ്റ് പേസര്‍മാര്‍,’ രോഹിത് പറഞ്ഞു.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി. 14 പന്തില്‍ അഞ്ച് റണ്‍സ് നേടിയാണ് താരം പുറത്തായത്. കഗീസോ റബാദയുടെ പന്തില്‍ നാന്ദ്രേ ബര്‍ഗറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

23ല്‍ നില്‍ക്കെ ജെയ്‌സ്വാളും 24ല്‍ നില്‍ക്കവെ ഗില്ലും പുറത്തായി. 37 പന്തില്‍ 17 റണ്‍സ് നേടി ജെയ്‌സ്വാള്‍ പുറത്തായപ്പോള്‍ 12 പന്തില്‍ രണ്ട് റണ്‍സാണ് ഗില്‍ നേടിയത്. നാന്ദ്രേ ബര്‍ഗറാണ് വിക്കറ്റ് നേടിയത്.

അതേസമയം, ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ 91 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 74 പന്തില്‍ 33 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 46 പന്തില്‍ 31 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഡീന്‍ എല്‍ഗര്‍, ഏയ്ഡന്‍ മര്‍ക്രം, ടോണി ഡി സോര്‍സി, തെംബ ബാവുമ (ക്യാപ്റ്റന്‍), കീഗന്‍ പീറ്റേഴ്‌സണ്‍, ഡേവിഡ് ബെഡ്ഡിങ്ഹം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍കോ യാന്‍സെന്‍, ജെറാള്‍ഡ് കോട്‌സി, കഗീസോ റബാദ, നാന്ദ്രേ ബര്‍ഗര്‍.

Content Highlight: India excludes Ravindra Jadeja from 1st test

We use cookies to give you the best possible experience. Learn more