|

ടി-ട്വന്റിയില്‍ പാകിസ്ഥാന്റെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് ഇന്ത്യ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടിയത്.

അഞ്ചു മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം വിജയം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ ടി-ട്വന്റി മത്സരത്തില്‍ പാക്കിസ്ഥാന്റെ ലോക റെക്കോഡിനൊപ്പമെത്തുകയാണ് ഇന്ത്യ. ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യയുടെ 135ാം വിജയമായിരുന്നു ഇത്. 211 മത്സരങ്ങളില്‍ നിന്നും 135 വിജയം ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ടി-ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിജയം കരസ്ഥമാക്കിയ പാകിസ്ഥാന്റെ ലോക റെക്കോഡിനൊപ്പം ഇന്ത്യ എത്തി. പാക്കിസ്ഥാന്‍ 226 ടി-ട്വന്റി മത്സരങ്ങളില്‍ നിന്നും 135 വിജയമാണ് നേടിയത്.

44 റണ്‍സിന്റെ ഇന്ത്യയുടെ വിജയത്തില്‍ യശ്വസി ജയ്‌സ്വാള്‍ 25 പന്തില്‍ 53 റണ്‍സും ഋതുരജ് ഗെയ്ക്വാദ് 43 പന്തില്‍ 58 റണ്‍സും ഇഷാന്‍ കിഷന്‍ 32 പന്തില്‍ 52 റണ്‍സും നേടിയിരുന്നു. ഇന്ത്യയുടെ ബാറ്റിങ്ങില്‍ അവസാന ഘട്ടത്തില്‍ ഒമ്പത് പന്തില്‍ 31 റണ്‍സ് നേടിയ റിങ്കു സിങ്ങിന്റെ മികച്ച പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. 344. 44 സ്‌ട്രൈക്ക് റേറ്റിലാണ് റിങ്കു രണ്ട് സിക്‌സറുകളും നാലു ബൗണ്ടറികളും അടിച്ചെടുത്തത്. ആദ്യ ടി-ട്വന്റി മത്സരത്തിലും റിങ്കു 14 പന്തില്‍ നിന്നും 22 റണ്‍സ് നേടി മികച്ച ഫിനിഷര്‍ എന്ന ലേബലില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചിട്ടുണ്ട്.

ഓസീസിന് വേണ്ടി മാര്‍ക്കസ് സ്റ്റോയിനിസ് 25 പന്തില്‍ 45 റണ്‍സും മാത്യു വേഡ് 23 പന്തില്‍ 42 റണ്‍സും ടീം ഡേവിഡ് 22 പന്തില്‍ 37 റണ്‍സും നേടിയിരുന്നു. ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയുടെ ആക്രമണത്തില്‍ ഓസീസ് കീഴടങ്ങുകയായിരുന്നു. രവി ബിഷ്‌ണോയ് നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ പ്രസീദ് കൃഷ്ണ 41 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.

നവംബര്‍ 28ന് ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ മെന്‍ ഗ്രീനിനെ മറികടന്ന് ടി-ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ടീമായി ഇന്ത്യ മാറും.

Content Highlight: India equaled Pakistan’s World Record In T20