കാണ്‍പൂര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി-20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കവേ ഏകദിന പരമ്പരയിലെ മികച്ച താരമായ കേദാര്‍ ജാദവ് ടീമിലില്ലാത്തതിന്റെ വിഷമത്തിലാണ് ആരാധകര്‍. ഏകദിന, ട്വന്റി-20 ടീമുകളെ ഒരുമിച്ച് പ്രഖ്യാപിച്ചതിനാലാണ് മികച്ച പ്രകടനം പുറത്തെടുത്തിട്ടും ട്വന്റി-20യില്‍ കേദാറിന് അവസരം ലഭിക്കാതെ പോയത്.
എം.സ് ധോണി നായക പദവി ഒഴിഞ്ഞ ശേഷമുള്ള ആദ്യ ട്വന്റി-20 പരമ്പര കൂടിയാണ് ഇന്ന് ആരംഭിക്കുന്നത്. പുതുമുഖങ്ങളുടെ നിരയുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത് എന്ന സവിശേഷതയുണ്ട്. എങ്കിലും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 232 റണ്‍സുമായി മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശ്രദ്ധാ കേന്ദ്രമായിമാറിയ കേദാറിന്റെ സ്ഥാനം കളത്തിനു പുറത്താണെന്നതിന്റെ നിരാശ ആരാധകര്‍ മറച്ചുവെക്കുന്നില്ല.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റായ കേദാര്‍ ട്വന്റി-20യിലും മികച്ച പ്രവര്‍ത്തനം പുറത്തെടുക്കുമായിരുന്നു എന്ന വിശ്വാസമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. മുന്‍ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി യുവതാരങ്ങളാണ് കൂടുതലായി ടീമില്‍ ഇടംപിടിച്ചത് എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ലിമിറ്റഡ് ഒാവര്‍ ക്രിക്കറ്റില്‍ ധോണിയുടെ പിന്‍ഗാമിയായി ചൂണ്ടിക്കാണിക്കപ്പെടുന്ന റിഷഭ് പന്ത് ഇന്ന് അരങ്ങേറാനുള്ള സാധ്യത വളരെയധികമാണ്.
സ്‌പെഷ്യലിസ്റ്റ് ഓപ്പണിംഗ് ബാറ്റ്‌സ്മാനായി കെ.എല്‍ രാഹുല്‍ മാത്രമെ ടീമിലുള്ളു എന്നതാണ് റിഷഭിന് പ്രതീക്ഷ നല്‍കുന്നത്. മനീഷ് പാണ്ഡെയും മന്‍ദീപ് സിങ്ങും ടീമില്‍ ഉണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ റിഷഭ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറാനാണ് സാധ്യത.
ഏകദിന ടീമില്‍ ഇടം ലഭിക്കാതിരുന്ന സുരേഷ് റെയ്‌നയ്ക്കും അവസാന പതിനൊന്നില്‍ ഇടം ലഭിച്ചേക്കാം. ജമ്മുവില്‍ നിന്നുള്ള സ്പിന്നര്‍ പര്‍വേസ് റസൂല്‍, മന്‍ദീപ് സിംങ്ങ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ഭൂമ്ര തുടങ്ങിയ യുവരക്തങ്ങളും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.