അഞ്ചുവിക്കറ്റ് നേട്ടവുമായി ഇഷാന്ത്; ഇംഗ്ലണ്ടിന്റെ മാനം കാത്ത് കറന്‍; ഇന്ത്യയ്ക്ക് ജയിക്കാന്‍ 194 റണ്‍സ്
Cricket
അഞ്ചുവിക്കറ്റ് നേട്ടവുമായി ഇഷാന്ത്; ഇംഗ്ലണ്ടിന്റെ മാനം കാത്ത് കറന്‍; ഇന്ത്യയ്ക്ക് ജയിക്കാന്‍ 194 റണ്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 9:07 pm

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 194 റണ്‍സ്. 13 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുള്‍പ്പെടെ 22 റണ്‍സ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായി.

ആദ്യ ടെസ്റ്റ് അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ് കളിച്ച സാം കറനാണ് ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കറന്‍ 65 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണെടുത്തത്. ഈ ടെസ്റ്റിനു മുന്‍പ് 20 റണ്‍സായിരുന്നു കറന്റെ ഉയര്‍ന്ന സ്‌കോര്‍. എജ്ബാസ്റ്റനില്‍ ഒന്നാം ഇന്നിങ്‌സില്‍ 24 റണ്‍സെടുത്ത കറന്‍ പത്താമനായാണ് പുറത്തായത്.

21 ഓവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ചുനിന്നത്. രവിചന്ദ്രന്‍ അശ്വിന്‍ 21 ഓവറില്‍ 59 റണ്‍സ് വഴങ്ങി മൂന്നും ഉമേഷ് യാദവ് ഏഴ് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.


Read Also : “ഇത് നിനക്കുള്ള സമ്മാനം”; അവിസ്മരണീയ സെഞ്ച്വറിയ്ക്കുശേഷം വിവാഹമോതിരത്തില്‍ മുത്തമിട്ട് കോഹ്‌ലി, കൈയടിച്ച് അനുഷ്‌ക, വീഡിയോ


 

13 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് കഴിഞ്ഞ ദിവസം തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. തുടക്കത്തില്‍ തന്നെ അലസ്റ്റയര്‍ കുക്കിനെ മടക്കി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സിലേതുപോലെ അശ്വിന്റെ പന്തില്‍ ക്‌ളീന്‍ ബൗള്‍ഡാവുകയായിരുന്നു കുക്ക്.

ഒമ്പതിന് ഒന്ന് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അധികം വൈകാതെ തന്നെ രണ്ടാം വിക്കറ്റും നഷ്ടമായി. സ്‌കോര്‍ 18ല്‍ നില്‍ക്കെ ജെന്നിംഗ്‌സിനെ രാഹുലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റും സ്വന്തമാക്കി. അദ്യ ഇന്നിംഗ്‌സിലെ താരം ക്യാപ്റ്റന്‍ ജോ റൂട്ട് (14) പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നിംഗ്‌സ് അധികനേരം നീണ്ടുനിന്നില്ല. സ്‌കോര്‍ 38ല്‍ നില്‍ക്കെ രാഹുലിന്റെ കൈകളില്‍ റൂട്ടിന്റെ പോരാട്ടം അവസാനിച്ചു. അശ്വിന് തന്നെയായിരുന്നു വിക്കറ്റ്.

ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.