കഴിഞ്ഞ ദിവസം ശ്രീ കണ്ഡീരവയില്‍ നടന്ന സാഫ് കപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ കുവൈറ്റിനെ പരാജയപ്പെടുത്തി ഇന്ത്യ സാഫ് കപ്പില്‍ ഒരിക്കല്‍ക്കൂടി മുത്തമിട്ടിരുന്നു. ഇന്ത്യയുടെ ഒമ്പതാം സാഫ് കിരീടമാണിത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും അവിടുന്ന് സഡന്‍ ഡെത്തിലേക്കും മത്സരം ചെന്നെത്തിയിരുന്നു. ഒടുവില്‍ സഡന്‍ ഡെത്തില്‍ ഇന്ത്യ 5-4 എന്ന സ്‌കോറിന് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മത്സരശേഷമുള്ള ഇന്ത്യയുടെ സെലിബ്രേഷനാണ് ചര്‍ച്ചയാകുന്നത്. ആരാധകരെ നോക്കി തലയ്ക്കുമുകളില്‍ കയ്യടിച്ചുള്ള ‘റോറിങ് ക്ലാപ്പ്’ സെലിബ്രേഷന് പുറമെ, ഇന്ത്യന്‍ താരങ്ങള്‍ ‘യെസ് സെലിബ്രേഷനും’ നടത്തിയിരുന്നു.
ഇരുകൈകളും ഒരുപോലെ ഉയര്‍ത്തി ‘യെസ്, യെസ്’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഈ സെലിബ്രേഷനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഇത് മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനും നിലവിലെ എ.ഇ.ഡബ്ല്യൂ സൂപ്പര്‍ താരവുമായ ബ്രയന്‍ ഡാന്യല്‍സന്റെ (ഡാന്യല്‍ ബ്രയന്‍) ഐക്കോണിക് സെലിബ്രേഷനാണ്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ ബേബി ഫെയ്‌സായിരിക്കെ ബ്രയന്‍ ഡാന്യല്‍സണ്‍ കൊണ്ടുവന്ന ഈ സെലിബ്രേഷന്‍ ലോകമെമ്പാടുമുള്ള പ്രൊഫഷണല്‍ റെസ്‌ലിങ് ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു.
അമേരിക്കല്‍ ഡ്രാഗണ്‍ എന്ന വിളിപ്പേരുള്ള ഡാന്യല്‍സന്റെ വിജയാഘോഷം തന്നെയാണ് ബ്ലൂ ടൈഗേഴ്‌സും കണ്ഡീരവയില്‍ പുറത്തെടുത്തത്.
ഷൂട്ടൗട്ടിലടക്കം ഇന്ത്യയുടെ ഗോള്‍ വല കാക്കും ഭൂതത്താന്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. സഡന്‍ ഡെത്തില്‍ ഖാലിദ് അല്‍ ഇബ്രഹീമിന്റെ കിക്ക് തടുത്തിട്ടതോടെയാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി സാഫില്‍ മുത്തമിട്ടത്.
കളിയുടെ 14ാം മിനിട്ടില്‍ കുവൈറ്റ് ലീഡെടുത്തിരുന്നു. ഷബീബ് അല്‍ ഖാല്‍ദിയിലൂടെയാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്.
എന്നാല്‍ അടിക്ക് തിരിച്ചടിയെന്നോണം ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ ഗോള്‍ മടക്കിയിരുന്നു. 38ാം മിനിട്ടില്‍ ലാലിയന്‍സുവാല ചാംഗ്തേയുടെ സൂപ്പര്‍ ഗോളിലൂടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദായിരുന്നു ഗോളിന് വഴിയൊരുക്കിയത്.
Conceded early but the #BlueTigers have fought back and found the equaliser through @lzchhangte7 before half time 💙👏🏽🔥
ഇന്ത്യക്കായി സുനില്‍ ഛേത്രി, സന്ദേശ് ജിംഖാന്‍, ലാലിയന്‍സുവാല ചാംഗ്തേ, സുബാശിഷ് ബോസ് എന്നിവര്‍ ആദ്യ റൗണ്ടില്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ ഉദാന്തയുടെ കിക്ക് പാഴായി. സഡന്‍ ഡെത്തില്‍ മഹേഷ് സിങ്ങാണ് ഇന്ത്യയുടെ വിജയം അടിവരയിട്ടുറപ്പിച്ചത്.
Content Highlight: India emulates WWE superstar Daniel Bryan’s celebration