| Wednesday, 18th July 2012, 5:11 pm

എച്ച്.എസ്.ബി.സിയിലൂടെ കള്ളപ്പണം ഒഴുകുന്നെന്ന് സെനറ്റ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: എച്ച്.എസ്.ബി.സി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിവിട്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ബാങ്കിന്റെ  എക്‌സിക്യുട്ടീവ് ഡേവിഡ് ബാഗ്ലി രാജിവെച്ചു. 2002 മുതല്‍  ബാങ്കിന്റെ എക്‌സിക്യുട്ടീവ് സ്ഥാനത്ത് തുടരുന്നയാളാണ് ബാഗ്ലി. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകുറ്റങ്ങള്‍ക്ക് അദ്ദേഹം മാപ്പുപറയുകയും ചെയ്തു.

കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കൈകാര്യം ചെയ്തതിന് എച്ച്.എസ്.ബി.സി ബാങ്കിനെ പ്രതിക്കൂട്ടിലാക്കി അമേരിക്കയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ എച്ച്.എസ്.ബി.സി സി.ഇ.ഒ സെനറ്റിന് മുമ്പാകെ മാപ്പ് പറഞ്ഞിരുന്നു.

ബാങ്കിന്റെ അമേരിക്കന്‍ ശാഖ വഴി ഭീകരവാദ സംഘടനയായ അല്‍ഖ്വയ്ദയ്ക്ക് വരെ പണം എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ സെനറ്റിന്റെ സ്ഥിരം ഉപദേശക സമിതി രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്.

മെക്‌സിക്കോ, ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ കുപ്രസിദ്ധ ഇടപാടുകള്‍ക്ക് ഫണ്ട് നല്‍കിയ ബാങ്കിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സെനറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  ദുഷിച്ച സംസ്‌കാരത്തിന്റെ വ്യാപനമാണ് ബാങ്ക് നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

2002 മുതല്‍ 2009 വരെയുള്ള ഏഴ് വര്‍ഷത്തിനുള്ളിലാണ് ബാങ്കില്‍ ഇത്തരം ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more