Advertisement
national news
ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും,ബംഗ്ലാദേശും ഇന്ത്യയ്ക്ക് മുകളില്‍; റിപ്പോര്‍ട്ടില്‍ പിഴവെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 13, 03:08 am
Friday, 13th October 2023, 8:38 am

ന്യൂദല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാംമത്. വ്യാഴാഴ്ച പുറത്തു വിട്ട 2023ലെ പട്ടികയില്‍ 28.7 മാര്‍ക്കാണ് ഇന്ത്യ നേടിയത്. എന്നാൽ പുറത്തുവന്ന റാങ്കില്‍ പിഴവുണ്ടെന്നും ഇന്ത്യയുടെ യഥാര്‍ഥ നിലയല്ല ചിത്രീകരിക്കുന്നതെന്നും കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം അറിയിച്ചു.

‘പട്ടിണി സൂചിക തെറ്റായ കണക്കുകള്‍ ആണ് നല്‍ക്കുന്നത്. ഇന്ത്യയുടെ യഥാര്‍ഥ സ്ഥാനമല്ല പുറത്തുവന്നിരിക്കുന്നത്. ഇന്‍ഡക്‌സ് കണക്കാക്കുന്ന രീതി ശരിയല്ല.
പട്ടിണി കണക്കാക്കുന്നതിലെ നാലില്‍ മൂന്ന് ഇന്‍ഡക്‌സുകളും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെടതാണ്. ഇത് മുഴുവന്‍ ജനതയെയും പ്രതിനിധീകരിക്കുന്നതല്ല. നാലാമത്തെയും പ്രധാനവുമായ പോഷകാഹാര കുറവുള്ള ജനസംഖ്യ കണക്കാക്കുന്നത് 3,000 പേരുടെ ചെറിയ സാമ്പിള്‍ പോളിങ്ങില്‍ നിന്നാണ്,’ ശിശുവികസന മന്ത്രാലയം  വിശദീകരിച്ചു.

റാങ്കിങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ ശ്രീലങ്ക എന്നിവർ യഥാക്രമം 102, 81,69, 60 സ്ഥാനങ്ങളിലാണ്. 2022 ല്‍ 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

സൂചികപ്രകാരം ദക്ഷിണേന്ത്യയും സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കയുമാണ് ലോകത്ത് ഏറ്റവും പട്ടിണിയുള്ള മേഖല. കൂടാതെ ലോകത്ത് ഏറ്റവും തൂക്ക കുറവുള്ള കുട്ടികളുള്ള രാജ്യവും ഇന്ത്യയാണ്. 18.7 ശതമാനമാണ് ഈ നിരക്ക്. രാജ്യത്തെ പോക്ഷകാഹാര കുറവ് 16.6 ശതമാനവും അഞ്ച് വയസ്സിനു താഴെയുള്ളവരുടെ മരണ നിരക്ക് 3.3 ശതമാനവുമാണ്.

ലോകത്താകെ പോഷകാഹാര കുറവുള്ളവരുടെ എണ്ണം 572 ദശലക്ഷത്തില്‍ നിന്ന് 735 ദശലക്ഷമായി ഉയര്‍ന്നെന്നും റിപ്പോർട്ട് പറയുന്നു.

content highlight: India drops to 111 on Hunger Index, govt criticises report