| Tuesday, 7th January 2025, 3:17 pm

കപ്പും പോയി, ഫൈനലും ഇല്ല, ദേ ഇപ്പോള്‍ അതിലും വലിയ തിരിച്ചടി; ഇന്ത്യയുടെ ശനിദശ അവസാനിക്കുന്നില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയത്തിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് പരാജയപ്പെട്ടതോടെ റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ 109 റേറ്റിങ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.

126 റേറ്റിങ്ങോടെ ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളിലും മികച്ച വിജയം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി. 112 റേറ്റിങ്ങാണ് പ്രോട്ടിയാസിനുള്ളത്.

106 റേറ്റിങ്ങുമായി ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് (96 ), ശ്രീലങ്ക (87) എന്നിവരാണ് യഥാക്രമം അഞ്ച്, ആറ് സ്ഥാനത്തുള്ളത്.

ടെസ്റ്റ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക.

അതേസമയം, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയയും പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ പ്രോട്ടിയാസും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മെയ്‌സ്‌

ജൂണ്‍ 11ന് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സാണ് ഫൈനലിന് വേദിയാകുന്നത്.

ഇന്ത്യയില്ലാത്ത ആദ്യ ഫൈനല്‍ എന്ന പ്രത്യേകതയും ഇത്തവണത്തെ കലാശപ്പോരാട്ടത്തിനുണ്ട്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സൈക്കിളായ 2019-21ലും രണ്ടാം സൈക്കിളായ 2021-23ലും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും പരാജയമായിരുന്നു ഇന്ത്യയ്ക്ക് വിധിച്ചത്.

ആദ്യ സൈക്കിളില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ അടുത്ത സൈക്കിളില്‍ ഓസ്ട്രേലിയയോടും തോറ്റു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ അഞ്ചാം മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ഫൈനല്‍ കളിക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ നിലനില്‍ക്കുമായിരുന്നു.

സിഡ്നിയില്‍ ഇന്ത്യ വിജയിക്കുകയും ശ്രീലങ്കയ്ക്കെതിരായ വോണ്‍ – മുരളീധരന്‍ ട്രോഫിയില്‍ ലങ്ക മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

അഞ്ചാം ടെസ്റ്റില്‍ ഓസീസ് പരാജയപ്പെടുകയും ലങ്കയ്ക്കെതിരായ പരമ്പര ഹോം ടീം വൈറ്റ് വാഷ് ചെയ്യുകയും ചെയ്താല്‍ ശ്രീലങ്കയ്ക്കും ഫൈനല്‍ കളിക്കാനുള്ള വഴിയൊരുങ്ങുമായിരുന്നു. എന്നാല്‍ ഈ സാധ്യതകളെയെല്ലാം പാടെ ഇല്ലാതാക്കിയാണ് സിഡ്നിയില്‍ കങ്കാരുക്കള്‍ വിജയിച്ചുകയറിയത്.

Content Highlight: India dropped to 3rd in ICC Test Rankings

We use cookies to give you the best possible experience. Learn more