വാഷിങ്ടണ്‍: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ ആഹ്വാനം ചെയ്ത ഏഷ്യന്‍ നാറ്റോ കാഴ്ചപ്പാടിനോട് ഇന്ത്യ യോജിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. വാഷിങ്ടണിലെ കാര്‍ണഗീ എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഞങ്ങള്‍ക്ക് അത്തരത്തിലുള്ള ആര്‍ക്കിടെക്ചര്‍ മനോഭാവം ഇല്ല. ഇന്ത്യയും ജപ്പാനും അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും കൂടെയാണ്. ചൈനക്കെതിരായ കൗണ്ടര്‍ബാലന്‍സിങിന് വേണ്ടി സ്ഥാപിതമായ രാജ്യങ്ങളുടെ ക്വാഡ് ഗ്രൂപ്പാണ് ഇത്,’ എസ്. ജയശങ്കര്‍ വ്യക്തമാക്കി.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തന്റെ രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ സുരക്ഷാ ഭീഷണി നേരിടുന്നതിനായി സൗഹൃദ രാഷ്ട്രങ്ങളുടെ സഹായം ആവശ്യപ്പെടുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ പറഞ്ഞിരുന്നു. ജപ്പാന് അയല്‍രാജ്യങ്ങളായ ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളെ പ്രതിരോധിക്കുന്നതിനായി ഏഷ്യന്‍ നാറ്റോ രൂപീകരിക്കുമെന്നും വാഷിങ്ടണുമായി ആണവായുധങ്ങള്‍ പങ്കിടുമെന്നും ഷിഗെരു പറഞ്ഞു.
ഏഷ്യന്‍ നാറ്റോ വരുന്നതോടുകൂടി ജപ്പാനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള ചൈനയുടെ വെല്ലുവിളികള്‍ തടയാനാവുമെന്നും ഷിഗെരു പറഞ്ഞിരുന്നു.
എന്നാല്‍ ജപ്പാന്റെ ഈ ആശയത്തെ ഇന്ത്യയെ കൂടാതെ അമേരിക്കയും തള്ളിയിരുന്നു. ഇന്‍ഡോ-പസഫികില്‍ നാറ്റോ സൃഷ്ടിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു അമേരിക്ക വ്യക്തമാക്കിയത്.
നേരത്തെ സെപ്റ്റംബര്‍ 21ന് നടന്ന ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രിയുടെ പ്രതിനിധി ഫ്യുമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. രാജ്യങ്ങള്‍ക്കെതിരായുള്ള ചൈനയുടെ വെല്ലുവിളികള്‍ വര്‍ധിക്കുന്നതിന്റ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ക്രമീകരിക്കാന്‍ രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നത്.
അതേസമയം ക്വാഡ് ഉച്ചകോടിയില്‍ സുരക്ഷയെയും പ്രതിരോധത്തെയും കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഇതിനെ സൈനിക സഖ്യമായി ഉദ്ദേശിച്ചിട്ടില്ലെന്നും എസ്. ജയശങ്കര്‍ വ്യക്തമാക്കി.
Content Highlight: India does not agree with japan’s asain NATO plan: S. jayasankar