ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നടക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്ന് ആവര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭ (യു.എന്‍). കഴിഞ്ഞവര്‍ഷം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന അതേ ആരോപണമാണ് കഴിഞ്ഞമാസം നല്‍കിയ റിപ്പോര്‍ട്ടിലും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം ഉന്നയിച്ചത്.
എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ ഇന്ത്യ, മുന്‍വിധികളോടെയുള്ള മനോഭാവത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോപിച്ചു.
കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതും വര്‍ധിച്ചത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2018 മേയ് മുതല്‍ ഈവര്‍ഷം ഏപ്രില്‍ വരെയുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
2018 ജൂണിലാണ് ആദ്യ റിപ്പോര്‍ട്ട് യു.എന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ സമര്‍പ്പിച്ചത്. അന്ന് പാക്കിസ്ഥാന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചെങ്കിലും ഇന്ത്യ തള്ളുകയായിരുന്നു. പക്ഷപാതപരമായ റിപ്പോര്‍ട്ടാണ് ഇതെന്നായിരുന്നു ഇന്ത്യയുടെ ആരോപണം.
ഒരുവര്‍ഷത്തിനുശേഷം പുതിയ തലവന്‍ മിഷേല്‍ ബാഷ്‌ലറ്റാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സമാനമായ ഉള്ളടക്കം തന്നെയാണ് ഇതിലുമുള്ളത്. പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്ന് കശ്മീരിലുണ്ടായ അരക്ഷിതാവസ്ഥയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബന്ധത്തില്‍ ഇക്കാര്യം എങ്ങനെ സ്വാധീനിച്ചെന്നും അതില്‍ വിശദമാക്കുന്നു.
ജൂണ്‍ 11-ന് റിപ്പോര്‍ട്ട് ഇന്ത്യക്കും പാക്കിസ്ഥാനും കൈമാറിയിരുന്നു. തുടര്‍ന്ന് 17-ന് ഇന്ത്യ മനുഷ്യാവകാശ വിഭാഗത്തിനു കത്തയച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദത്തെ സഹായിക്കുന്നതാണ് അതിന്റെ ഉള്ളടക്കമെന്നും ഇന്ത്യ വാദിച്ചു. ശക്തമായ പ്രതിഷേധം ഐക്യരാഷ്ട്രസഭയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
ഒരു ദശാബ്ദത്തിനിടെ ഏറ്റവും ആളുകള്‍ കൊല്ലപ്പെടുന്നതു കഴിഞ്ഞവര്‍ഷമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 160 പേരാണ് കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത്. അതില്‍ 71 പേരെ സുരക്ഷാ സൈനികര്‍ കൊന്നെന്നും 43 പേരെ അജ്ഞാതര്‍ കൊലപ്പെടുത്തിയെന്നും 29 പേര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കില്‍ ഈ എണ്ണമില്ല. 37 നാട്ടുകാരാണ് കൊല്ലപ്പെട്ടതെന്ന് അവര്‍ പറയുന്നു. അതേസമയം 238 ഭീകരരും 86 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടെന്ന് അവര്‍ പറയുന്നു. 2018 ഡിസംബര്‍ രണ്ടുവരെയുള്ള കണക്കാണിത്. എന്നാല്‍ 267 ഭീകരരും 159 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടെന്ന് കശ്മീരിലെ സംഘടനകള്‍ പറയുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ നാട്ടുകാര്‍ കൊല്ലപ്പെട്ടത് സൈനികനീക്കങ്ങളുടെ ഭാഗമായാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ 2016-ല്‍ അഞ്ച് അന്വേഷണങ്ങള്‍ നടന്നിരുന്നു. അതിന്റെ വിശദവിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. 2017-ലാകട്ടെ ഒരുന്വേഷണവും നടന്നിട്ടില്ല. ജനങ്ങളെ നിയന്ത്രിക്കാനായി സൈന്യം ഉപയോഗിക്കുന്ന ഷോട്ട്ഗണ്ണുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
റിപ്പോര്‍ട്ടിലെ മറ്റു കാര്യങ്ങള്‍
കഴിഞ്ഞവര്‍ഷം നവംബറില്‍ വലതുകണ്ണില്‍ പെല്ലറ്റ് കൊണ്ട് 19 വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യം ഉപയോഗിക്കുന്ന മെറ്റല്‍ പെല്ലറ്റുകള്‍ കൊണ്ട് 2016-ന്റെ മധ്യം മുതല്‍ 2018-ന്റെ അവസാനം വരെ 1,253 പേര്‍ക്കു കാഴ്ച നഷ്ടപ്പെട്ടു.
സൈന്യം നടത്തുന്ന പരിശോധനകളിലാണ് ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്. ശാരീരികമായ ഉപദ്രവം, സ്വകാര്യതയിലേക്കു കടന്നുകയറ്റം, അനധികൃതമായി തടവില്‍വെയ്ക്കുക, സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അതില്‍ നടക്കുന്നുണ്ട്. പ്രത്യേക സൈനികാധികാര നിയമമാണ് ഇതിനു കാരണം.
പുല്‍വാമ ആക്രമണത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരി മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ധനയുണ്ടായി. സാമൂഹ്യമാധ്യമത്തില്‍ അവര്‍ക്കെതിരെയും കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ബി.ജെ.പിയുടെ കശ്മീര്‍ നയങ്ങളെയും ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചാരണം നടന്നതായി മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും ആരോപിച്ചിരുന്നു. കശ്മീരികളുടെ എല്ലാ കാര്യങ്ങളും ബഹിഷ്‌കരിക്കാന്‍ ത്രിപുര ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
പാക് അധീന കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരും ദേശീയവാദികളും സ്വാതന്ത്ര്യാനുകൂലികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും ഭീതിയിലാണ്.
പാക് അധീന കശ്മീരിലുള്ള പലരും രഹസ്യമായി തടങ്കലില്‍ക്കഴിയുകയാണ്. അവരെക്കുറിച്ചുള്ള ഒരു വിവരവും പുറത്തറിഞ്ഞിട്ടില്ല.