ചൈന വീണ്ടും എതിര്‍ത്തു; മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം പാസായില്ല
Terrorism
ചൈന വീണ്ടും എതിര്‍ത്തു; മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം പാസായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 9:19 am

യുണൈറ്റഡ് നാഷന്‍സ്: മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ നാലാം തവണയും എതിര്‍ത്ത് ചൈന. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പിലാണ് ചൈന എതിരായി വോട്ട് ചെയതത്.

മസൂദ് അസ്ഹറിനെതിരായ ഉപരോധ നടപടികള്‍ പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. ഉപരോധം പാസായിരുന്നെങ്കില്‍ മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും യാത്രാവിലക്കും ഏര്‍പെടുത്തുമായിരുന്നു. മസൂദ് അസ്ഹറിനെ 1267 അല്‍ഖാഇദ സാങ്ഷന്‍ കമ്മിറ്റിയ്ക്ക് കീഴില്‍ കൊണ്ടുവരാനായിരുന്നു പ്രമേയം.

എന്നാല്‍ പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ട് വരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ചൈനയുടെ പേരെടുത്ത് പറയാതെ ഇന്ത്യ പ്രതികരിച്ചു.

ഐക്യരാഷ്ട്ര രക്ഷാ സമിതി ജെയ്ഷെ മുഹമ്മദിനെ നേരത്തേ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും ചൈന തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യം എതിര്‍ക്കുകയായിരുന്നു ചൈന.

2016, 2017 വര്‍ഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന എതിര്‍ത്തിരുന്നത്.