വാഷിംഗ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ തള്ളി യു.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. വിഷയത്തില്‍ ഇന്ത്യ ഒരു തരത്തിലുള്ള മധ്യസ്ഥതയും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ ഇതുവരെയും ഒരു മധ്യസ്ഥതയും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ പ്രസിഡണ്ട് പറയുന്നത് അദ്ദേഹം പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സൗഹൃദത്തിലാണെന്നാണ്. അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ട്രംപ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്.’ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ജി 7 യോഗത്തിനായി ട്രംപിന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഉദ്യോഗസ്ഥന്‍, കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും വ്യക്തമാക്കി.
‘കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. എന്നാല്‍ ഇതിലൂടെ അവിടുത്തെ പ്രദേശിക പ്രശ്‌നങ്ങള്‍ എങ്ങനെയാണ് മോദി അവസാനിപ്പിക്കുക എന്നത് ട്രംപ് അറിയാന്‍ ആഗ്രഹിക്കുന്നു.’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയമാണെന്നും ഇന്ത്യയും പാകിസ്താനും കശ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. വിഷയത്തില്‍ താന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ഇതേ ആവശ്യവുമായി ട്രംപ് രണ്ട തവണയാണ് ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ ട്രംപിന്റെ ആവശ്യം തള്ളുകയായിരുന്നു.