| Wednesday, 28th June 2023, 9:00 am

ഒരു വര്‍ഷം ഇന്ത്യ ഇങ്ങനെ ഒരു റെക്കോഡ് കാത്തുസൂക്ഷിച്ചോ? 😳 😳 കാരണക്കാര്‍ ഗോള്‍വല കാത്ത ഭൂതത്താനും പ്രതിരോധത്തിന്റെ വന്‍മതിലും

സ്പോര്‍ട്സ് ഡെസ്‌ക്

സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കുവൈത്തിനോട് സമനില വഴങ്ങി ഇന്ത്യ. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 1-1 എന്ന സ്‌കോറിലാണ് ഇരുടീമും സമനിലയില്‍ പിരിഞ്ഞത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുമ്പിലെത്തിയ ഇന്ത്യ അവസാന നിമിഷം വരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. എന്നാല്‍ വിജയിക്കുമെന്ന് തോന്നിയ ഇടത്ത് നിന്നും ആഡ് ഓണ്‍ സമയത്ത് അന്‍വര്‍ അലിയിലൂടെ പിറന്ന സെല്‍ഫ് ഗോളിലൂടെയാണ് ഇന്ത്യ സമനിലയില്‍ തളക്കപ്പെട്ടത്.

ഈ മത്സരത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യക്ക് സെമി ഫൈനലിലേക്ക് കുതിക്കാന്‍ സാധിക്കുമായിരുന്നു. നിലവില്‍ കുവൈറ്റിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ.

പോയിന്റിന്റെ കാര്യത്തിലും ഗോള്‍ വ്യത്യാസത്തിന്റെ കാര്യത്തിലും ഇന്ത്യയും കുവൈറ്റും തുല്യത പാലിച്ചെങ്കിലും അടിച്ച ഗോളിന്റെ എണ്ണം കൂടിയതിനാലാണ് കുവൈത്ത് ഒന്നാം സ്ഥാനക്കാരായി സെമിയില്‍ കടന്നത്.

അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോള്‍ അന്ത്യമിട്ടത് കഴിഞ്ഞ ഒരു വര്‍ഷമായി ഗോള്‍ വഴങ്ങാതിരുന്ന ഇന്ത്യയുടെ റെക്കോഡ് റണ്ണിന് കൂടിയായിരുന്നു. 2022 ജൂണ്‍ 11ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഗോള്‍ വഴങ്ങിയതിന് ശേഷം തുടര്‍ച്ചയായ ഒമ്പത് മത്സരത്തില്‍ ഇന്ത്യ ഗോള്‍ കണ്‍സീഡ് ചെയ്തിരുന്നില്ല.

2022 ജൂണ്‍ 11 മുതലിങ്ങോട്ടുള്ള ഇന്ത്യയുടെ മത്സരങ്ങളും ഫലങ്ങളും

2022 ജൂണ്‍ 14 – ഇന്ത്യ vs ഹോങ് കോങ് 4-0 (എ.എഫ്.സി ഏഷ്യന്‍ കപ്പ് ക്വോളിഫിക്കേഷന്‍ – മൂന്നാം റൗണ്ട്)

2023 മാര്‍ച്ച് 23 – ഇന്ത്യ vs മ്യാന്‍മര്‍ 1-0 (സൗഹൃദ മത്സരം)

2023 മാര്‍ച്ച് 28 – ഇന്ത്യ vs കിര്‍ഗിസ്ഥാന്‍ 2-0 (സൗഹൃദ മത്സരം)

2023 ജൂണ്‍ 9 – ഇന്ത്യ vs മംഗോളിയ 2-0 (ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് – ഗ്രൂപ്പ് ഘട്ടം)

2023 ജൂണ്‍ 12 – ഇന്ത്യ vs വന്വാട്ടു 1-0 (ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് – ഗ്രൂപ്പ് ഘട്ടം)

2023 ജൂണ്‍ 15 – ഇന്ത്യ vs ലെബനന്‍ 0-0 (ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് – ഗ്രൂപ്പ് ഘട്ടം)

2023 ജൂണ്‍ 18 – ഇന്ത്യ vs ലെബനന്‍ 2-0 (ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് – ഫൈനല്‍)

2023 ജൂണ്‍ 21 – ഇന്ത്യ vs പാകിസ്ഥാന്‍ 4-0 (സാഫ് ചാമ്പ്യന്‍ഷിപ്പ് – ഗ്രൂപ്പ് ഘട്ടം)

2023 ജൂണ്‍ 24 – ഇന്ത്യ vs നേപ്പാള്‍ 2-0 (സാഫ് ചാമ്പ്യന്‍ഷിപ്പ് – ഗ്രൂപ്പ് ഘട്ടം)

2023 ജൂണ്‍ 27 ഇന്ത്യ vs കുവൈത്ത് 1-1 (സാഫ് ചാമ്പ്യന്‍ഷിപ്പ് – ഗ്രൂപ്പ് ഘട്ടം)

കുവൈത്തിനെതിരെ സമനില പാലിച്ചെങ്കിലും ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമമായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ വഴങ്ങിയ ഈ സമനിലക്ക് ഫൈനലില്‍ പകരം വീട്ടാനാകും ഛേത്രിയും സംഘവും ഒരുങ്ങുന്നത്.

അതേസമയം, ഗ്രൂപ്പ് എയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ നേപ്പാള്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് നേപ്പാള്‍ പാക് പടയെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 80ാം മിനിട്ടില്‍ ആശിഷ് ചൗധരി നേടിയ ഗോളിലൂടെയാണ് നേപ്പാള്‍ വിജയം സ്വന്തമാക്കിയത്.

Content highlight: India did not concede a goal for a year

Latest Stories

We use cookies to give you the best possible experience. Learn more