കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യ മൂന്നാം ഏകദിനവും ഒപ്പം ഏകദിന പരമ്പരയും വിജയിച്ചത്. ഇതോടെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് പരമ്പര വിജയവും ഒരു പരമ്പര സമനിലയുമായി ചരിത്രം സൃഷ്ടിക്കാനും ഇന്ത്യയ്ക്കായി.
റിഷബ് പന്തിന്റെ അണ്‍ബീറ്റണ്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ മുന്നോട്ട് കുതിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 43ാം ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം.
ചെയ്സിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരമേറ്റിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെ അഞ്ചാം ഓവറില്‍ നായകന്‍ രോഹിത്തിനെയും പുറത്താക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു.
മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
മത്സരത്തില്‍ വിജയിച്ചതോടെ ഐ.സി.സി റാങ്കിങ്ങില്‍ മുന്നിലെത്താനും ഇന്ത്യയ്ക്കായി. പകിസ്ഥാനെ താഴേക്ക് വലിച്ചിട്ടാണ് ഇന്ത്യ ഐ.സി.സി റാങ്കിങ്ങില്‍ മുന്നിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള പാക് പടയെ മറികടന്നായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.
ഇംഗ്ലണ്ടിനെതിരെയുള്ള ജയത്തോടെ ഇന്ത്യയ്ക്ക് 109 റേറ്റിങ്ങായി. നാലാം സ്ഥാനത്തുള്ള പാകിസ്ഥാന് 106 റേറ്റിങ്ങാണുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒറ്റയടിക്കാണ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്.
ന്യൂസിലാന്‍ഡാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. 128 റേറ്റിങ്ങോടെയാണ് കിവികള്‍ ഒന്നാം സ്ഥാനം തുടര്‍ന്നത്. ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പര തോറ്റെങ്കില്‍ക്കൂടിയും പട്ടികയില്‍ ഇംഗ്ലണ്ടിന്റെ സ്ഥാനത്തിന് അനക്കം സംഭവിച്ചിട്ടില്ല. 121 റേറ്റിങ്ങുമായാണ് ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നത്.
ഐ.സി.സി ഏകദിന റാങ്കിങ് (സ്ഥാനം, ടീം, റേറ്റിങ്, പോയിന്റ് എന്ന ക്രമത്തില്‍)
1. ന്യൂസിലാന്‍ഡ് – 128 – 1919
2. ഇംഗ്ലണ്ട് – 121 – 3025
3. ഇന്ത്യ – 109 – 2725
4 പാകിസ്ഥാന്‍ – 106 -2005
5. ഓസ്‌ട്രേലിയ – 101 – 2325
6. സൗത്ത് ആഫ്രിക്ക – 99 – 1872
7. ബംഗ്ലാദേശ് – 98 – 2639
8. ശ്രീലങ്ക – 92 – 2658
9. വെസ്റ്റ് ഇന്‍ഡീസ് – 70 – 2444
10. അഫ്ഗാനിസ്ഥാന്‍ 69 – 1238
Content Highlight: India dethrone Pakistan from the third spot in ICC ODI Rankings