ന്യൂദല്‍ഹി: പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലേക്ക് റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ തിരികെ അയക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ സൈന്യത്തിന്റെ അതിക്രമം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് പതിനാല് വയസുള്ള പെണ്‍കുട്ടിയെ ഇന്ത്യ മ്യാന്‍മറിലേക്ക് അയക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ബംഗ്ലാദേശിലാണ്. അസാം ട്രൈബ്യൂണിനെ ഉദ്ധരിച്ച ദ വയറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടി അനധികൃതമായി ഇന്ത്യയിലെത്തുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എട്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പെണ്‍കുട്ടിയെ മ്യാന്‍മര്‍ അധികൃതര്‍ക്ക് കൈമാറുക എന്നും അസം ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മ്യാന്‍മറില്‍ പട്ടാളം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ആദ്യമായി നാടുകടത്തുന്നത് ഈ പെണ്‍കുട്ടിയെയാണ്.
മ്യാന്‍മറിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും ബംഗ്ലാദേശിലുള്ള അച്ഛന്റെയും അമ്മയുടെയും അടുത്ത് തന്നെ അയക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അപേക്ഷ കൊടുത്തിട്ടുണ്ടെന്ന് അസം ട്രൈബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ ഓങ് സാന്‍ സൂചിയേയും മറ്റ് നേതാക്കളെയും തടവിലാക്കി മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. ഒരു വര്‍ഷത്തേക്ക് രാജ്യത്ത് സൈന്യത്തലവന്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങിന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം നൂറിലധികം ആളുകളാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ മ്യാന്‍മറില്‍ കൊല്ലപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക