| Thursday, 22nd August 2024, 6:44 pm

ത്രിപുര അണക്കെട്ടിൽ നിന്ന് തുറന്നുവിട്ട വെള്ളം ബംഗ്ലാദേശിൽ പ്രളയമുണ്ടാക്കിയെന്ന് ആരോപണം; നിഷേധിച്ച് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ത്രിപുര അണക്കെട്ടിൽ നിന്ന് തുറന്ന് വിട്ട വെള്ളമാണ് ബംഗ്ലാദേശിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന ബംഗ്ലാദേശ് മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

ബംഗ്ലാദേശ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഗുംതി നദിയിലെ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് അതിർത്തിയിൽ നിന്ന് വളരെ അകലെയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

‘ബംഗ്ലാദേശ് മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾ വാസ്തവത്തിൽ ശരിയല്ല. ഗുംതി നദിയിലെ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് അതിർത്തിയിൽ നിന്ന് വളരെ അകലെയാണ്. ബംഗ്ലാദേശിന് 120-കിലോമീറ്റർ അകലെയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്,’ വിദേശകാര്യ മന്ത്രലയം വ്യക്തമാക്കി.

ത്രിപുരയിലെ അധികാരികൾ ഡംബൂർ അണക്കെട്ടിൻ്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗുംതി നദിയിലൂടെ അതിർത്തി കടന്നുള്ള കുമില്ലാ നഗരത്തിലേക്ക് ധാരാളം വെള്ളം തുറന്നുവിട്ടതായി ബംഗ്ലാദേശിലെ റിപ്പോർട്ടുകൾ അവകാശപ്പെട്ടു. വെള്ളത്തിൻ്റെ വരവ് മൂലം കുമിലയിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും വസ്തുവകകൾക്ക് നാശം സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്.

വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും തന്നെ ഇന്ത്യ അതോറിറ്റിയെ അറിയിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ജലവികസന ബോർഡിൻ്റെ വെള്ളപ്പൊക്ക പ്രവചന, മുന്നറിയിപ്പ് കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ചതായി പ്രതികരണമായി വിദേശകാര്യ മാന്ത്രാലായം പറഞ്ഞു. അണക്കെട്ടിന് താഴെയുള്ള ഈ വൃഷ്ടിപ്രദേശങ്ങളിൽ നിന്നുള്ള വെള്ളമാണ് ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് കാരണമായതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച പുലർച്ചെ, ഡംബൂർ അണക്കെട്ടിലെ വെള്ളം അതീവഗുരുതരമായ നിലയിൽ അടിഞ്ഞുകൂടിയതിനാൽ തുറന്നു വിടണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഗോമതി അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പൗരന്മാരും ജില്ലകളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു.

ത്രിപുരയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 346 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 34,000-ത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. പല നദികളിലെയും ജലനിരപ്പ് അപകടസൂചനയ്ക്കും അതീവ അപകടസൂചനയ്ക്കും മുകളിലാണ്.

Content Highlight: India denies that Bangladesh floods were caused by water released from Tripura dam

We use cookies to give you the best possible experience. Learn more