| Friday, 21st June 2024, 8:18 am

ഫ്രഞ്ച് മാധ്യമപ്രവർത്തകനെ നാട് കടത്തി കേന്ദ്രസർക്കാർ; രണ്ട് വർഷത്തിനിടെ ഇന്ത്യ വിടേണ്ടി വന്നത് അഞ്ച് മാധ്യമപ്രവർത്തകർക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഫ്രഞ്ച് മാധ്യമപ്രവർത്തകനെ നാട് കടത്തി കേന്ദ്രസർക്കാർ. റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍, റേഡിയോ ഫ്രാന്‍സ്, ലിബറേഷന്‍, സ്വിസ്, ബെല്‍ജിയന്‍ പബ്ലിക് എന്നീ റേഡിയോകളുടെ ദക്ഷിണേഷ്യന്‍ കറസ്പോണ്ടന്റ് ആയി ജോലി ചെയ്തുവരികയായിരുന്ന സെബാസ്റ്റ്യന്‍ ഫാര്‍സിക്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തു തുടരാനുള്ള അനുമതി നിഷേധിച്ചത്.

നാല് മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുന്ന രണ്ടാമത്തെ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. രണ്ട് വർഷത്തിനിടെ ഇന്ത്യ വിടേണ്ടി വന്നത് അഞ്ച് മാധ്യമപ്രവർത്തകർക്കാണ്.

ഇന്ത്യക്കാരിയെ വിവാഹം കഴിച്ച ഫാർസി 13 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ (എം.എച്ച്.എ) അനുമതിയോടെയാണ് ഇതുവരെ സെബാസ്റ്റ്യൻ ഫാർസി ഇന്ത്യയിൽ പത്രപ്രവർത്തകനായി ജോലി ചെയ്തത്.

അദ്ദേഹത്തിന്റെ പങ്കാളി ഇന്ത്യൻ പൗര ആയതിനാൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡും കൈവശമുണ്ടായിരുന്നു. എന്നാൽ 2021 മുതൽ ഒ.സി.ഐ ഉടമകൾ ഇന്ത്യയിൽ പത്രപ്രവർത്തകരായി പ്രവർത്തിക്കാൻ അനുമതി വേണമെന്ന നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നിരുന്നു.

മാർച്ച് ഏഴിന് മാധ്യമപ്രവർത്തകരുടെ പെർമിറ്റ് പുതുക്കാനുള്ള അപേക്ഷ സെബാസ്റ്റ്യൻ നൽകിയിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിക്കുകയായിരുന്നു. മന്ത്രാലയത്തിന് നിരവധി തവണ അഭ്യർത്ഥന നടത്തിയെങ്കിലും തന്റെ തൊഴിലിനെ തടയുന്ന നീക്കത്തെ ന്യായീകരിക്കാൻ കാരണമൊന്നും ബോധിപ്പിച്ചിട്ടില്ലെന്നും സെബാസ്റ്റ്യൻ ഫാർസി ആരോപിച്ചു. അപ്പീൽ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ വനേസ ടൗഗ്നക് എന്ന ഫ്രഞ്ച് മാധ്യമപ്രവർത്തകന് ഇന്ത്യ വിടേണ്ടി വന്നിരുന്നു. ടൈം മാഗസിനിൽ മോദിയെ വിഭജനത്തിന്റെ തലവൻ എന്ന് വിളിച്ച മാധ്യമ പ്രവർത്തകനും പുറത്താക്കിയവരുടെ കൂട്ടത്തിലുണ്ട്. ഇന്ത്യ കത്തുന്നു എന്ന ഡോക്യൂമെന്ററിയെടുത്ത മാധ്യമപ്രവർത്തകനെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

സിഖ് വിഘടന വാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആസ്ട്രേലിയൻ ബ്രോഡ് കാസറ്റ് കോർപറേഷന്റെ സൗത്ത് ഏഷ്യൻ ബ്യൂറോ ചീഫ് ആവണി ദിയാസിനെയും ചൈനീസ് മാധ്യമപ്രവർത്തകനെയും പുറത്താക്കിയിരുന്നു. 2024 ലെ ലോക മാധ്യമ സൂചികയിൽ ഇന്ത്യ നൂറ്റിയമ്പത്തൊന്നാം സ്ഥാനത്താണ്.

Content Highlight: India Denies Permit to French Reporter

We use cookies to give you the best possible experience. Learn more